മതപരമായ ചടങ്ങിലൂടെ രോഗം മാറ്റാമെന്ന് വിശ്വാസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ മുസല്യാർക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പാലക്കാട് പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി അബു താഹിർ മുസല്യാരെയാണ് ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
മുസല്യാരുടെ വീട്ടിൽ 2017 ഏപ്രിൽ 8 ന് പുലർച്ചെയാണ് പീഡനമുണ്ടായത്. കോയമ്പത്തൂർ സ്വദേശിനിയും അവിവാഹിയുമായ യുവതി കുടുംബാംഗങ്ങളോടൊപ്പമാണ് മതപരമായ ചടങ്ങുകൾക്കെത്തിയത്. ഏപ്രിൽ 6, 7 തിയതികളിൽ ആണ്ടു നേർച്ചയും മൗലൂദും പൂർത്തിയായ ശേഷമായിരുന്നു മതപരമായ ചടങ്ങിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ചുള്ള പീഡനം. യുവതിക്ക് നിരന്തരം അനുഭവപ്പെടാറുള്ള ശരീര വേദനയും തലവേദനും മാറ്റിത്തരണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ചെകുത്താന്റെ ബാധയുള്ളതിനാലാണ് ദേഹാസ്വാസ്ഥ്യമെന്നും ഇതുമാറാൻ യുവതിയെ തനിച്ചിരുത്തി ചില കർമങ്ങൾ ചെയ്യാനുണ്ടെന്നും വിശ്വസിപ്പിച്ചു മുറിയിൽ കൊണ്ടുപോയായിരുന്നു പീഡനമെന്നാണു പ്രോസിക്യൂഷൻ കേസ്.
പിന്നീടാണ് യുവതിയും കുടുംബവും പരാതിയുമായി പട്ടാമ്പി പൊലീസിനെ സമീപിച്ചത്. യുവതിയെ മുസല്യാരുടെ അടുത്ത് എത്തിച്ച ബന്ധുക്കളായ രണ്ടുപേരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ഇവരായിരുന്നു കേസിൽ രണ്ടും മൂന്നും പ്രതികൾ.