കർഷകരുടെ കടുത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിനു പിറകെ പൗരത്വ ഭേദഗതി നിയമത്തി(സിഎഎ)നെതിരായ സമരവും പുനരാരംഭിക്കാൻ നീക്കം. അസമിലെ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളുമാണ് ഇടവേളയ്ക്കുശേഷം പൗരത്വസമരം കൂടുതൽ കരുത്തോടെ സജീവമാക്കാൻ ഒരുങ്ങുന്നത്. അസമിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബർ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
പുതിയ തന്ത്രങ്ങളുമായി അഖിൽ ഗൊഗോയി
ഒന്നാംഘട്ടത്തിൽ അസമിലെ പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ക്രിഷക് മുക്തി സംഗ്രാം സമിതി(കെഎഎസ്എസ്), ആൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ(എഎഎസ്‌യു), അസം ജാതീയതാവാദി യുവചത്ര പരിഷദ്(എജെവൈസിപി), രായ്‌ജോർ ദൾ, അസം ജാതീയ പരിഷദ്(എജെപി) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് യുഎപിഎ കേസിൽ കുറ്റവിമുക്തനായി ജയില്‍മോചിതനായി പുറത്തെത്തിയ സ്വതന്ത്ര എംഎൽഎ അഖിൽ ഗൊഗോയിയാണ് രണ്ടാംഘട്ട സമരത്തിനുള്ള ആസൂത്രണത്തിന് നേതൃത്വം നൽകുന്നത്. രായ്‌ജോർ ദൾ അധ്യക്ഷനും കെഎംഎംഎസ് അധ്യക്ഷനും കൂടിയായ അഖിൽ ഗൊഗോയി തന്നെയാണ് പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
രാജ്യം ഏകാധിപത്യ ഫാസിസ്റ്റ് വഴിയിലൂടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കർഷകസമരമാണ് നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് തുടക്കം കുറിച്ചതെന്നാണ് ഞാൻ കരുതുന്നത്. രാജ്യംകണ്ട ചരിത്രപരമായൊരു മുന്നേറ്റമാണത്. സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് ഒരു വർഷവും ഏഴ് മാസവുമാണ് എനിക്ക് ജയിലിൽ കഴിയേണ്ടിവന്നത്. എൻഐഎ എന്നെയും എന്റെ സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. സിഎഎ പ്രക്ഷോഭം പുനരാരംഭിക്കണമെന്നാണ് കരുതുന്നത്. ഈ നിയമം തീർത്തും ഭരണഘടനാവിരുദ്ധവും നമ്മുടെ ജനാധിപത്യത്തിനു വിരുദ്ധവുമാണ്-അഖിൽ ഗൊഗോയി പറഞ്ഞു.