കോഴിക്കോട്: യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചായകുടി പ്രതിഷേധത്തില്‍ പങ്കെടുത്ത് അലനും താഹയും. ‘ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നില്ല അലനും താഹയും അറസ്റ്റിലായതെ’ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ ഓര്‍മപ്പെടുത്തിയാണ് ചായകുടി പ്രതിഷേധം സംഘടിപ്പിച്ചത്.
കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലായിരുന്നു ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
അലനും താഹയ്ക്കും ചായ നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു പരിപാടി ഉദ്ഘാടനം ചെയ്തു. ലഘുലേഖ കൈവശംവെച്ചതിന് യു.എ.പി.എ ചുമത്തിയ സി.പി.ഐ.എം ഫാസിസത്തിന്റെ സ്വഭാവമാണ് കാട്ടിയതെന്ന് എ. വാസു വിമര്‍ശിച്ചു.
ഇവര്‍ ഇരുവരും കൈവശം വെച്ചെന്ന് പറയുന്ന ലഘുലേഖ വര്‍ഷങ്ങളായി വില്‍ക്കുന്നയാളാണ് താനെന്നും, തനിക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍കാല നക്‌സലൈറ്റ് പ്രവര്‍ത്തകനായ എം. എന്‍. രാവുണ്ണി തന്റെ ജീവചരിത്രം കൈവശം വെച്ചതിനാണ് ഇവരെ ജയിലിലടച്ചതെന്നും പറഞ്ഞു.
തങ്ങള്‍ ഇരുവരെയും പിന്തുണച്ചവര്‍ക്ക് താഹയും അലനും നന്ദി പറഞ്ഞു. പന്തീരാങ്കാവ് യു.എ.പി.എ കേസ് അവസാനിക്കുന്നില്ലെന്നും, ഇതേ കേസില്‍ അറസ്റ്റിലായ വിജിത്തും ഉസ്മാനും ഇപ്പോഴും ജയിലിലാണെന്നും താഹ വ്യക്തമാക്കി.
മറ്റു പലകാര്യങ്ങളും പോലെ ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്ന് അലന്‍ വിമര്‍ശിച്ചു.
നിലവില്‍ നിയമവിദ്യര്‍ഥിയായ താന്‍ അഭിഭാഷകനായാല്‍ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു
അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് സി.പി.ഐ.എമ്മിനുള്ളിലും എതിര്‍പ്പുകള്‍ സൃഷ്ടിച്ചിരുന്നു. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തില്‍ ഇക്കാര്യമുന്നയിച്ച് സമ്മേളന പ്രതിനിധികള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്ന് പറഞ്ഞ പ്രതിനിധികള്‍ യു.എ.പി.എ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും ചോദിച്ചു.
സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ പറഞ്ഞിരുന്നു.
അലനും താഹയും സി.പി.ഐ. എം പ്രവര്‍ത്തകരാണ്, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേള്‍ക്കാനുള്ള അവസരം സി.പി.ഐ.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.ഐ.എം നിലപാടെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.
2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി താഹ ഫസലിന് ഒക്ടോബര്‍ അവസാനം ജാമ്യം ലഭിച്ചിരുന്നു. സര്‍ക്കാരിനുള്ള തിരിച്ചടിയാണു സുപ്രീം കോടതി ഇടപെടലെന്നും സി.പി.ഐ.എമ്മിന്റെ ഒരു സഹായവും തനിക്കു ലഭിച്ചില്ലെന്നും താഹ പറഞ്ഞിരുന്നു.
ഒന്നാം പ്രതി അലന്‍ ഷുഹൈബിന് എന്‍.ഐ.എ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.