മാര്‍ച്ച് മാസത്തോട് കൂടി യൂറോപ്പില്‍ ഏഴ് ലക്ഷം പേര്‍ കൂടി മരിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

0
298

ജനീവ: കൊവിഡിന്റെ പുതിയ തരംഗത്തില്‍ വലയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ 2022 മാര്‍ച്ച് മാസം ആകുമ്പോഴേക്കും ഏഴ് ലക്ഷം പേര്‍ കൂടി രോഗം ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 53 രാജ്യങ്ങളെയാണ് യൂറോപ്യന്‍ രാജ്യങ്ങളായി ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. ഇവയിലെല്ലാം കൂടി ഇതുവരെ 15 ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

മാര്‍ച്ച് മാസത്തോടെ ഇതില്‍ 49 രാജ്യങ്ങളിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും (ഐ.സി.യു) രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് കാരണം വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്നും സംഘടന പറയുന്നു. യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണം കൊവിഡ് ആണെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

യൂറോപ്പിലെ ദിവസേനയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം 4200 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയിലാണ് മരണനിരക്ക് ഏറ്റവും കൂടുതല്‍. ദിവസേനയുള്ള മരണനിരക്ക് റഷ്യയില്‍ 1200 കടന്നു.

വാക്‌സിന്‍ എടുക്കാത്തവരുടെ ഉയര്‍ന്ന നിരക്കും ഡെല്‍റ്റ വകഭേദത്തിന്റെ പകര്‍ച്ചയുമാണ് പുതിയ തരംഗത്തിന് കാരണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

മുഴുവനായും വാക്‌സിനേറ്റഡ് ആയി എന്ന് കണക്കാക്കണമെങ്കില്‍ കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസും എടുത്തിരിക്കണം എന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ് എന്നീ രാജ്യങ്ങള്‍.

യൂറോപ്പിലെ ജര്‍മനി, റഷ്യ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ കൊവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്.

നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലാണ് ജനങ്ങള്‍ തെരുവിലിറങ്ങുകയും അക്രമം അഴിച്ച് വിടുകയും ചെയ്യുന്നത്. നെതര്‍ലന്‍ഡ്സില്‍ ഭാഗിക ലോക്ഡൗണും ഓസ്ട്രിയയില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here