കാസര്‍കോട്: കാസര്‍കോട് ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റാഗിങ് സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 342, 355 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞ് വെക്കല്‍, മാനഹാനിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപ്പള ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മുടിമുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ദൃശ്യ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരോട് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ നിര്‍ദേശിച്ചു. സ്‌കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നത്. മുടി മുറിക്കുന്ന രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. മുടി മുറിച്ച കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കില്‍ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്. സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെയും നടന്നതായാണ് പ്രദേശവാസികളും പറയുന്നത്.