പുനീത് രാജ്കുമാറിന്റെ വിയോഗം: വിഷമം താങ്ങാനാവാതെ മരിച്ചത് പത്ത് ആരാധകര്‍, കണ്ണ് ദാനം ചെയ്യണമെന്ന് കുറിപ്പ്

0
313

ബംഗളൂരു: നടന്‍ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാലോകവും ആരാധകരും. ഒക്ടോബര്‍ 29നായിരുന്നു കര്‍ണാടകയുടെ ഉള്ളുലച്ച് പുനീത് അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം.

അതേസമയം, അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഏഴു പേര്‍ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേര്‍ താരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞുള്ള ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുനീതിന്റെ മരണത്തിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണശേഷം പുനീത് കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. അത്തരത്തില്‍ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകര്‍ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.

അഭിനേതാവിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here