‘പത്ത്​ വർഷങ്ങൾക്കുള്ളിൽ ഐഫോൺ നിർത്തും, പകരമെത്തുക ‘എ.ആർ’; ആപ്പിളിന്‍റെ ഫ്യൂച്ചർ പ്ലാൻ പുറത്തുവിട്ട്​ അനലിസ്റ്റ്​

0
290

അമേരിക്കൻ ടെക്​ ഭീമനായ ആപ്പിൾ ഏറെക്കാലമായി ഓഗ്​മെന്‍റഡ്​ റിയാലിറ്റിയുടെ പിറകെ കൂടിയിരിക്കുകയാണ്​. അതിന്‍റെ ഭാഗമായി പുതിയൊരു എ.ആർ ഹെഡ്​സെറ്റിന്‍റെ പണിപ്പുരയിലാണ്​ ടിം കുക്കിന്‍റെ കമ്പനി​. എന്നാൽ, ആപ്പിൾ സ്വപ്​നം കാണുന്ന എ.ആർ ലോകത്തെ കുറിച്ച്​ കൗതുകം നിറഞ്ഞ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ്​ പ്രമുഖ അനലിസ്റ്റായ മിങ്​ ചി കുവോ.

അടുത്ത 10 വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോൺ നിർമാണം നിർത്തലാക്കുമെന്നും അതിന്‍റെ സ്ഥാനത്തേക്ക്​ എആർ സാങ്കേതികവിദ്യയെ പ്രതിഷ്ഠിക്കുമെന്നുമാണ്​ കുവോ സൂചന നൽകുന്നത്​. കേൾക്കു​േമ്പാൾ മണ്ടത്തരമെന്ന്​ തോന്നുമെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്​ കുവോ ഉറപ്പിച്ച്​ പറയുന്നത്​.

ആപ്പിൾ എ.ആർ ഹെഡ്‌സെറ്റിന് 10 വർഷത്തിനുള്ളിൽ 1 ബില്യൺ ഉപയോക്താക്കളെ നേടാൻ സാധിക്കുന്നുണ്ടെങ്കിൽ ഈ വിചിത്രമായ തീരുമാനത്തിന് കമ്പനി രൂപം നൽകിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐഫോണുകൾക്ക്​ നിലവിലുള്ള ഡിമാന്‍റ്​ ഇതുവരെ ലോഞ്ച്​ ചെയ്യാത്ത എ.ആർ ഹെഡ്​സെറ്റിനും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ്​ ആപ്പിൾ മുന്നോട്ടുവെക്കുന്നത്​.

“നിലവിൽ, ലോകത്താകമാനമായി ഒരു ബില്യണിലധികം സജീവ ഐഫോൺ ഉപയോക്താക്കളുണ്ട്. പത്ത് വർഷത്തിനുള്ളിൽ ഐഫോണിന് പകരം എ.ആർ നൽകുക എന്നതാണ് ആപ്പിളിന്‍റെ ലക്ഷ്യമെങ്കിൽ, അത്രയും കാലത്തിനുള്ളിൽ ആപ്പിൾ കുറഞ്ഞത് ഒരു ബില്യൺ എആർ ഉപകരണങ്ങളെങ്കിലും വിൽക്കും. -9to5Mac റിപ്പോർട്ടിൽ, കുവോ പറയുന്നു.

കൂടാതെ, ഐഫോണുകൾക്ക്​ പകരമായി പ്രതിഷ്ഠിക്കണമെങ്കിൽ AR ഹെഡ്‌സെറ്റുൾക്ക്​ നിലവിലുള്ള മിക്ക ആപ്ലിക്കേഷനുകളുമായും ചേർന്ന്​ പ്രവർത്തിക്കാൻ കഴിയണം. പക്ഷേ, ഐഫോൺ ഇല്ലാതെ എ.ആർ ഹെഡ്‌സെറ്റ് പ്രവർത്തിക്കുമോ..? എന്ന ചോദ്യത്തിന്​ ‘പ്രവർത്തിക്കും’ എന്ന ഉത്തരമാണ്​ കുവോ തരുന്നത്​.

മറ്റ്​ ആപ്പിൾ ഉപകരണങ്ങളെ ആശ്രയിക്കാതെ, സ്വന്തമായൊരു എക്കോസിസ്റ്റം ഉണ്ടെങ്കിൽ എ.ആർ ഹെഡ്​സെറ്റുകൾ അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നും കുവോ ചൂണ്ടിക്കാട്ടി, കൂടാതെ, ഇത് ഭാവിയിൽ എപ്പോഴെങ്കിലും സംഭവിച്ചേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വരാനിരിക്കുന്ന AR ഹെഡ്‌സെറ്റ് മാക്​-ലെവലിലുള്ള കംപ്യൂട്ടിങ് വൈദഗ്ദ്ധ്യത്തോടെ വരുമെന്നും സൂചനയുണ്ട്​. അത്​ മാക്​ബുക്ക്​, ഐപാഡ്​, ഐഫോൺ എന്നിവയുടെ ആവശ്യകത തന്നെ ഇല്ലാതെയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. അത്​ സാധ്യമാക്കാനായി നിരവധി സമഗ്രമായ ആപ്പുകൾ പുതിയ എ.ആർ ഗിയർ പിന്തുണയ്​ക്കുകയും ചെയ്യും.

ആപ്പിൾ AR ഹെഡ്‌സെറ്റ് 2022-ന്‍റെ നാലാം പാദത്തിൽ അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഹെഡ്​സെറ്റുകൾ രണ്ട് പ്രോസസറുകളുമായും വന്നേക്കാം. ഹൈ-എൻഡ് വകഭേദം മാക്​ബുക്കുകൾക്ക്​ കരുത്തേകുന്ന പുതിയ M1-ചിപ്​സെറ്റുമായെത്തു​േമ്പാൾ രണ്ടാമത്തേത് സെൻസറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടിംഗിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചുള്ളതുമായിരിക്കും. രണ്ട് സോണി 4കെ മൈക്രോ ഒഎൽഇഡി സ്ക്രീനുകളും VR പിന്തുണയുമായിരിക്കും മറ്റ്​ പ്രത്യേകതകൾ.

എന്താണ്​ ഓഗ്​മെന്‍റഡ്​ റിയാലിറ്റി

യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡായ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്‍റെ തന്നെ മികച്ചൊരു അനുഭവം തരുന്ന സാ​ങ്കേതികവിദ്യയാണ്​ ആണ് ഓഗ്‌മെന്‍റഡ് റിയാലിറ്റി അല്ലെങ്കിൽ എ.ആർ എന്ന്​ പറയുന്നത്​.

വെർച്വൽ റിയാലിറ്റി (വി.ആർ) പൂർണമായും സങ്കല്പികമായ അനുഭവമാണ്​ നൽകുന്നതെങ്കിൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്‍റഡ് റിയാലിറ്റി നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here