നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

0
333

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. ബർമിംഗ്ഹാമിലെ സ്വവസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണം’. -മലാലട്വീറ്ററിൽ കുറിച്ചു.

സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്താൻ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെ പേരിലാണ് മലാല അറിയപ്പെടുന്നത്. സ്വാത്ത് താഴ്‌വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ൽ പതിനൊന്ന് വയസ്സുള്ളപ്പോൾ ബി.ബി.സിക്ക് വേണ്ടി എഴുതിയ ബ്ലോഗാണ് മലാലയെ ശ്രദ്ധേയയാക്കിയത്. പിന്നീട് പല പുരസ്‌കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ‘ഞാനും മലാല’ എന്നായിരുന്നു.

2012 ഒക്ടോബർ 9ന് നടന്ന വധ ശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റു. സ്‌കൂൾ കഴിഞ്ഞ് സ്‌കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു. ഇപ്പോൾ ബർമിംഗ്ഹാമിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here