ബെംഗളൂരു: കേന്ദ്രസർക്കാർ ഡീസലിനും പെട്രോളിനുമുള്ള എക്സൈസ് നികുതിയിൽ കുറവുവരുത്തിയതിന് പിന്നാലെ മൂല്യവർധിത നികുതി കുറച്ച് കർണാടക, ഗോവ, അസം, ത്രിപുര സർക്കാരുകളും. ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകളുടെ തീരുമാനം.
നികുതിയിനത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ഏഴു രൂപ കുറയ്ക്കാനാണ് കർണാടക, ഗോവ, അസം, ത്രിപുര സർക്കാരുകൾ തീരുമാനിച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ ഈ നാലു സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളും ഡീസലും രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സംസ്ഥാനങ്ങളായി ബിജെപി സർക്കാരുകൾ ഭരിക്കുന്ന കർണാടകവും ഗോവയും അസമും ത്രിപുരയും മാറും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ , ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരാണ് ട്വിറ്ററിലൂടെ സംസ്ഥാനം നികുതി കുറയ്ക്കുന്നത് പ്രഖ്യാപിച്ചത്.
ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50 രൂപക്കും ലഭിക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിലക്കുറവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ദീപാവലിയോടനുബന്ധിച്ചാണ് ആശ്വാസകരമായ പ്രഖ്യാപനം ഉണ്ടായത്.
ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന കർണാടക, ഗോവ, ത്രിപുര, അസം സർക്കാരുകളും സ്വന്തം നിലയ്ക്ക് നികുതിയിൽ കുറവുവരുത്തിയത്.