വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി. സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരന് ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. തൃശൂരാണ് പൊലീസിനേയും വീട്ടുകാരേയും ഒരു പോലെ കറക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ മാസം 25ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്‍റേയും വിവാഹം നടന്നത്. വിവാഹത്തിന്‍റെ അന്നുരാത്രി സ്വന്തം വീട്ടില് കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവുമായാണ് വധു കടന്നുകളഞ്ഞത്.
ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്‍റെ ഫോണും കൈക്കലാക്കിയായിരുന്നു ഒളിച്ചോട്ടം. മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസില്‍ പിടിവള്ളിയായത്. മധുരയിലേക്ക് യുവതികള്‍ എത്തിയതും ഏറെ തന്ത്രപരമായി ആയിരുന്നു.
തൃശൂരില്‍ നിന്ന് സ്കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതികള്‍ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്സിയില്‍ നഗരത്തില്‍ കറങ്ങി. ടാക്സി ഡ്രൈവറേക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് ടിക്കറ്റ് എടുപ്പിച്ചു. ഇതിന് ശേഷം ഒരു തുണിക്കടയില്‍ കയറിയ യുവതികള്‍ ഇവിടെ നിന്ന് മറ്റൊരുവഴിയിലൂടെ പുറത്തുകടന്ന് മറ്റൊരു ടാക്സിയില് കോട്ടയത്തെത്തി ചെന്നൈയിലേക്ക് ട്രെയിനില്‍ കടന്നു. ഇവിടെനിന്നാണ് മധുരയിലെത്തിയത്. മധുരയില്‍ നിന്ന് ട്രെയിനില്‍ പാലക്കാട് എത്തിയ ശേഷം രാത്രി തൃശൂരിലേക്ക് ടാക്സിയില്‍ എത്തിയ ഇവര്‍ സ്കൂട്ടര്‍ എടുത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നുവച്ചു. ഇതിന് ശേഷമാണ് തിരികെ വീണ്ടും മധുരയിലെത്തിയത്.
എന്നാല്‍ യുവതികള്‍ മുങ്ങിയതാണെന്ന സംശയത്തില്‍ ലോഡ്ജ് ജീവനക്കാര്‍ ഇതിനോടകം ലൈസന്‍സിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ പൊലീസ് എത്തി യുവതികളെ മധുരയില്‍ നിന്ന് പിടികൂടിയത്. പഴുവില്‍ സ്വദേശിനിയുടെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് 16ാം ദിവസം ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്നയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നാണ് യുവതികള്‍ പറയുന്നത്. പണവും സ്വര്‍ണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികള്‍ പൊലീസിനോട് വ്യക്തമാക്കി. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തതായാണ് വിവരം.