ടി20 ലോകകപ്പ്: ഒളിച്ചിരിക്കാതെ രാജ്യത്തോടും ആരാധകരോടും മറുപടി പറയൂ, കോലിക്കെതിരെ ആഞ്ഞടിച്ച് അസ്ഹര്‍

0
285

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റ് സെമി സാധ്യതകള്‍ തുലാസിലാക്കിയതിന് പിന്നാലെ മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) വിട്ടു നിന്നതിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(Mohammad Azharuddin). പാക്കിസ്ഥാനെതിരായ തോല്‍വിക്കുശേഷം മാധ്യമങ്ങളെ കണ്ട കോലി കിവീസിനെതിരായ തോല്‍വിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല. കോലിക്ക് പകരം ജസ്പ്രീത് ബുമ്രയാണ്(Jasprit Bumrah) മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് എത്തിയത്.

മത്സരശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവാതിരുന്ന കോലിയുടെ നടപടി നല്ല സന്ദേശമല്ല ആരാധകര്‍ക്ക് നല്‍കുന്നതെന്നും അതിന്‍റെ പ്രത്യാഘാതം അദ്ദേഹം അനുഭവിച്ചേ മതിയാകൂവെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. തോല്‍ക്കുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. പക്ഷെ അതിനെക്കുറിച്ച് തുറന്നുപറയാന്‍ അദ്ദേഹം തയാറാവണം. ആളുകള്‍ക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്. കുറഞ്ഞപക്ഷം എന്തുകൊണ്ടു തോറ്റു എന്നെങ്കിലും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്.

ക്യാപ്റ്റന്‍ സംസാരിക്കുന്നതും ടീമിലെ ഒരു കളിക്കാരനായ ജസ്പ്രീത് ബുമ്ര സംസാരിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രാജ്യത്തെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ നിങ്ങള്‍ തയാറാവണം. അവരോട് എല്ലാം തുറന്നുപറയണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ആളുകള്‍ താങ്കളെക്കുറിച്ച് എന്താണ് മനസിലാക്കുക. പല അഭ്യൂഹങ്ങളും പരക്കാന്‍ അത് കാരണമാവും-അസ്ഹര്‍ എബിപി ന്യൂസിനോട് പറഞ്ഞു.

ജയിക്കുമ്പോള്‍ മാത്രം മാധ്യമങ്ങളെ കാണുകയും തോല്‍ക്കുമ്പോള്‍ മുങ്ങുകയും ചെയ്യുന്നത് ഒരു നല്ല ക്യാപ്റ്റന്‍റെ ലക്ഷണമല്ല. കോലി മാധ്യമങ്ങളെ കാണാതിരുന്നതിന്‍റെ കാരണത്തെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. പക്ഷെ അതെന്തായാലും മത്സരത്തെക്കുറിച്ചും കളിക്കാരുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചെ മതിയാവു.

നിങ്ങളാണ് ക്യാപ്റ്റനെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവു. കാരണം, നിങ്ങളാണ് ടീമിനെ പ്രതിനിധീകരിക്കുന്നത്. അപ്പോള്‍ ഇതൊക്കെ നേരിടാനും തയാറാവണം. കളി ജയിക്കുമ്പോള്‍ മാധ്യമങ്ങലെ കാണാന്‍ വരികയും അല്ലാത്തപ്പോള്‍ വരാതിരിക്കുകയും ചെയ്യുന്നത് ശരിയായ സമീപനമല്ല. അദ്ദേഹം വരാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷെ അതെന്തായാലും ശരിയായ രീതിയല്ലെന്നും അസ്ഹര്‍ പറഞ്ഞു. ഇന്ത്യയെ മൂന്ന് ലോകകപ്പുകളില്‍(1992, 1996, 1999) നയിച്ച നായകനാണ് അസ്ഹര്‍.

LEAVE A REPLY

Please enter your comment!
Please enter your name here