കോട്ടയം: കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാതെ പൊലീസ്. രണ്ട് ദിവസം മുന്‍പ് കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ കോട്ടയത്തെത്തി പോലീസ് ചോദ്യം ചെയ്തു.
കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പരിശോധന. എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അടൂര്‍ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെക്കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. പൊലീസിന് പ്രഥമദൃഷ്ടിയില്‍ തന്നെ ജോബ് ‘സുകുമാരക്കുറുപ്പ്’ അല്ലെന്ന് കണ്ടെത്താനായി. സുകുമാരക്കുറുപ്പിന് 172 സെ.മീ ഉയരമായിരുന്നെന്നും ജോബിന് 162 സെ.മീറ്റര്‍ മാത്രമാണെന്നും പൊലീസ് മനസിലാക്കി.
നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അപകടത്തില്‍ പരിക്കേറ്റ് എത്തിയതാണ് ജോബ്.
ആശുപത്രിയിലെ മലയാളി മെയ്ല്‍ നഴ്‌സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ ശുശ്രൂഷിച്ചത്.
തീയേറ്ററില്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചത്രം ‘കുറുപ്പ്’ സുകുമാരക്കുറുപ്പിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്.