കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു

0
256

കാസര്‍കോട്: കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിച്ചു. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ഇന്ന് രാവിലെ മുതല്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള സുള്ള്യ, പുത്തൂര്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചു. 24 ബസുകളാണ് നിലവില്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടകയുടെ വിലക്കിനെ തുടര്‍ന്ന് മൂന്നുമാസത്തിലേറെയായി സര്‍വീസ് മുടങ്ങിക്കിടക്കുകയായിരുന്നു. കാസര്‍കോട് ഉള്‍പ്പെടെ കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിച്ചത്. കര്‍ണാടകയുടെ വിലക്കുണ്ടായിരുന്നതിനാല്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇന്നലെ വരെ തലപ്പാടി വരെ മാത്രമേ സര്‍വീസ് നടത്തിയിരുന്നുള്ളൂ. മംഗളൂരുവില്‍ നിന്നുള്ള ബസുകളും തലപ്പാടി വരെ സര്‍വീസ് നടത്തി തിരിച്ചുപോകുകയായിരുന്നു. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പഠിക്കാനും ജോലിയാവശ്യാര്‍ഥവും ദിവസവും യാത്ര ചെയ്യേണ്ടവര്‍ക്ക് തലപ്പാടിയില്‍ വെച്ച് ബസ് മാറിക്കയറേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മംഗളൂരു ആസ്പത്രിയിലേക്ക് ചികിത്സക്ക് പോകേണ്ടവരും പ്രയാസത്തിലായിരുന്നു. നവംബര്‍ ഒന്നിന് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കര്‍ണാടക നിവപാട് മാറ്റിയതിനാല്‍ തീരുമാനം നീണ്ടുപോകുകയാണുണ്ടായത്. സമയനഷ്ടവും ധനനഷ്ടവും വരുത്തിയിരുന്ന യാത്രാപ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്പ് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here