കണ്ണൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പഴയ ബസ് സ്റ്റാൻ്റിലെത്തിയ കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മേസ്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചു രക്ഷപ്പെട്ട മൂന്നംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. നിരവധി മോഷണപിടിച്ചുപറി കേസിലെ പ്രതികളായപെരിങ്ങോം കൂറ്റൂർ എരമത്തെ ശ്രീധരൻ്റെ മകൻ കൊയിലേരിയൻ ഹൗസിൽ പ്രവീൺ (42), കാസറഗോഡ് ഉപ്പള സ്വദേശി ആദമിൻ്റെ മകൻ മുഹമ്മദ് ഷെരീഫ് (40) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. ടി.കെ.അഖിൽ, അഡീഷണൽ.എസ് ഐ.ഹാരിഷ്, എ.എസ്.ഐ.മാരായ രഞ്ജിത്, അജയകുമാർ, എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇന്നലെ രാത്രി 7 മണിയോടെ പഴയ ബസ് സ്റ്റാൻ്റിലെത്തിയ മേസ്ത്രി മുഴപ്പിലങ്ങാട് തെക്കേകുന്നുമ്പ്രം സ്വദേശി വൈദ്യാർഹൗസിൽ സിയാദ് (50) ആണ് പിടിച്ചുപറിക്കിരയായത്.ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 27,000 രൂപയുമായി പ്രതികൾ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ്തക്ക സമയത്ത് എത്തിയ പോലീസ് സംഘം റെയിൽവെ സ്റ്റേഷൻ റോഡിൽ വെച്ച് ഇരുവരെയും പിടികൂടി.മൂന്നാമൻ ഇരുട്ടിൽ ഓടി മറഞ്ഞു.പോലീസ് അറസ്റ്റിലായ പ്രവീണിന് കണ്ണൂർ, വളപട്ടണം സ്റ്റേഷനുകളിലും ഉപ്പള സ്വദേശിയായ മുഹമ്മദ് ഷെരീഫിന് കാസറഗോഡ്, വിദ്യാനഗർ, ബേക്കൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മോഷണ കേസും പിടിച്ചുപറി കേസുമുണ്ട്.
ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും