ഇസ്ലാമോഫോബിയയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നു,​ സുധീർ ചൗധരിക്കെതിരെ യുഎഇ രാജകുമാരി,​ അബുദാബിയിലെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

0
325

അബുദാബിയിൽ നടക്കാനിരിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് പരിപാടിയിൽ നിന്ന് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ നീക്കി. യു.എ.ഇയിലെ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർത്തിയതോടെയാണ് നടപടി. ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങൾ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ചടങ്ങിൽ നിന്ന് ചൗധരിയെ നീക്കിയിരിക്കുന്നത്.

നവംബർ 25, 26 ദിവസങ്ങളിലായി അബുദാബിയിലെ ഫെയർമൗണ്ട് ബാബ് അൽ ബഹ്‌റിൽ സംഘടിപ്പിക്കുന്ന ആന്വൽ ഇന്റർനാഷണൽ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐ.സി.എ.ഐ സുധീർ ചൗധരിയെ ക്ഷണിച്ചിരുന്നത്. വ്യാജവാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷം ഉത്‌പാദിപ്പിക്കുന്ന ചൗധരിയെ യു.എ.ഇയിലേക്ക് ക്ഷണിച്ചതിനെതിരെ രാജകുമാരി പരസ്യമായി രംഗത്തുവന്നിരുന്നു. പരിപാടിയുടെ പോസ്റ്റർ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ട് ശനിയാഴ്ച ഹിന്ദ് രാജകുമാരി രൂക്ഷമായി പ്രതികരിച്ചു. സുധീർ ചൗധരി ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ള ഇസ്ലാം വിരുദ്ധതയുടെ പേരിൽ പ്രസിദ്ധനാണ്. പല പ്രൈംടൈം ഷോകളും രാജ്യത്തെ മുസ്ലിങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അവർ ട്വീറ്റ് ചെയ്തിരുന്നു. സമാധാനപൂർണമായ രാജ്യത്തേക്ക് ഇസ്ലാമോഫോബും വിദ്വേഷകനുമായ ചൗധരിയെ കൊണ്ടുവരുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. .സി.എ.ഐയെ ടാഗ് ചെയ്തു കൊണ്ട് അവർ ചോദിക്കുകയും ചെയ്തു. മുസ്ലിങ്ങളെ അധിക്ഷേപിക്കുകയും ഇസ്ലാമിനെയും പ്രവാചകനെയും അവമതിക്കുകയും ചെയ്യുന്ന’ ചൗധരിയെ യു.എ.ഇയിലേക്ക് കൊണ്ടുവരുന്നതിനെതിരെ അവർ അറബി ഭാഷയിലും ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here