ന്യൂഡൽഹി: സമൂഹമാദ്ധ്യമരംഗത്തെ വമ്പനായ ഫേസ്ബുക്ക് തങ്ങളുടെ പ്രധാന സവിശേഷതകളിൽ ഒന്നായ മുഖം തിരിച്ചറിയൽ സംവിധാനം( ഫേഷ്യൽ റിക്കോഗ്നിഷ്യൻ സിസ്റ്റം) നിർത്തലാക്കുന്നു. ഫേസ്ബുക്ക് നിർമിത ബുദ്ധി വിഭാഗം വൈസ് പ്രസിഡന്റായ ജെറോം പ്രസന്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
ഇനിമുതൽ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും മുഖം തിരിച്ചറിയാൻ സാധിക്കുകയില്ല. നൂറ് കോടിയോളം ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന ടെംപ്ളേറ്റുകൾ അതിനാൽ മായ്ച്ചുകളയേണ്ടി വരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നത് ഓട്ടോമാറ്റിക് അലർട്ട് സംവിധാനത്തെയും ബാധിക്കും. അന്ധരെയും കാഴ്ച്ച വൈകല്യമുള്ളവരെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഓട്ടോമാറ്റിക് അലർട്ട് വിവരണത്തിൽ പേരുകൾ ഉണ്ടാകില്ല.
മുഖം തിരിച്ചറിയൽ സംവിധാനത്തിന്റെ അപകട സാധ്യതകൾ മുന്നിൽ കണ്ടാണ് ഫേസ്ബുക്ക് ഇത്തരമൊരു നീക്കം നടത്തുന്നത്. ഈ സാങ്കേതിക വിദ്യയുടെ മേൽ സമൂഹത്തിന് ആശങ്കയുണ്ടെന്നും ഇതിന്റെ ഉപയോഗത്തെ സംബന്ധിച്ച നിയമനിർമാണ പ്രക്രിയകൾ നടന്നുവരികയാണെന്നും അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ പറ്റി പുനർചിന്തിക്കേണ്ടത് അനിവാര്യമായിരുന്നു എന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു. ലോക്ക് ചെയ്ത അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിനും സാമ്പത്തിക ഉൽപ്പന്നങ്ങളിൽ ഐഡന്റിറ്റി പരിശോധിക്കുന്നതിനും വ്യക്തിഗത ഉപകരണങ്ങൾ അൺലോക്ക് ചെയ്യുന്നതിനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഇവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഫേസ്ബുക്ക് തങ്ങളുടെ പ്രസ്ഥാവനയിൽ അറിയിച്ചു.