ഇതാണ് ശരിക്കും കൊള്ള, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞിട്ടും കാണാതെ കേന്ദ്രവും എണ്ണ കമ്പനികളും, വിലയിൽ മാറ്റമില്ലാതെ 18 ദിവസം

0
263

ന്യൂഡൽഹി: കുതിച്ചുയർന്ന എണ്ണവിലയെ പിടിച്ചുനിർത്താനെന്ന പേരിൽ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ നികുതികൾ യഥാക്രമം അഞ്ച്​ രൂപയും 10 രൂപയും കുറച്ചതിന് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ധീരമായ തീരുമാനം എന്നും ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും ഇന്ധനനികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതിനാൽ ജനങ്ങളെ കയ്യിലെടുക്കാൻ വേണ്ടി കാണിച്ച പൊടിക്കൈയാണ് നികുതി കുറയ്ക്കൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇക്കാര്യം ഏറക്കുറെ ശരിവയ്ക്കുന്നതാണ് അതിനുശേഷമുളള സംഭവങ്ങൾ.

നികുതി കുറച്ച നവംബർ നാലിനുശേഷം രാജ്യത്ത് ഇന്നുവരെ എണ്ണവിലയിൽ മാറ്റമുണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ്​ രേഖപ്പെടുത്തോമ്പാഴാണ് ഇതെന്നുകൂടി ഓർക്കണം. യൂറോപ്പിൽ വീണ്ടും കൊവിഡ് ആശങ്ക ഉയർന്നതോടെയാണ്​ എണ്ണവില താഴേക്കുപോയത്. ബ്രെന്റ് ക്രൂഡിന്‍റെ വില 6.95 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 78.89 ഡോളറിലെത്തി. 84.78 ഡോളറിൽ നിന്നാണ്​ വില10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്​. ഒക്​ടോബർ ഒന്നിന്​ ശേഷം ഇതാദ്യമായാണ്​ ​ ക്രൂഡോയിലിന്റെ വില 80 ഡോളറിന്​ താഴെയെത്തുന്നത്​. പക്ഷേ, ഇതിന്റെ ആനുകൂല്യം ഇതുവരെ ഇന്ത്യക്കാർക്ക് ലഭിച്ചിട്ടില്ല.

അന്താരാഷ്ട്ര വിപണിയിൽ വില അല്പമൊന്ന് കൂടിയാൽപ്പോലും ഇവിടെ വില കൂട്ടുന്ന എണ്ണകമ്പനികൾ വില കുറഞ്ഞത് അറിഞ്ഞില്ലെന്ന മട്ടിലാണ് പെരുമാറുന്നത്. കേന്ദ്രവും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. തങ്ങൾ ചെയ്യാനുള്ളത് ചെയ്തു. ഇനി സംസ്ഥാനങ്ങളുടെ കൈയിലാണ് ബാക്കിയെല്ലാം എന്നുപറഞ്ഞ് തടിയൂരുകയാണ് അവർ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില ഇപ്പോഴും നൂറിന് മുകളിലാണ്.

യുറോപ്പിലെ കൊവിഡ്​ നിയന്ത്രണങ്ങൾ മൂലം ഇന്ധന ആവശ്യകതയിൽ കുറവുണ്ടായതോടെ വരുംദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയാനാണ് സാദ്ധ്യത. നേരത്തെ ഉൽപാദനം വെട്ടികുറച്ചതാണ്​ അന്താരാഷ്​ട്ര വിപണിയിൽ ​ എണ്ണവില ഉയരുന്നതിനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ എത്രവിലകുറഞ്ഞാലും അതിന്റെ നേരിയ ആനുകൂല്യംപോലും ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന പ്രതീക്ഷയേ ഇല്ല. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞ് തങ്ങളുടെ പോക്കറ്റുനിറയ്ക്കുന്ന തിരക്കിലാണ് എണ്ണകമ്പനികൾ ഇപ്പോൾ. ഇതിന് കുടപിടിക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here