തിളച്ച എണ്ണയില്‍ കൈ മുക്കി ചിക്കന്‍ ഫ്രൈ പുറത്തെടുക്കുന്നു; വൈറലായ വീഡിയോ

0
380

അമ്പരപ്പിക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ എത്രയോ വീഡിയോകളാണ്  ദിനംപ്രതി ഇന്റര്‍നെറ്റില്‍ നമ്മെ കാത്തിരിക്കുന്നത്. മിക്കപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണ് ഇതിലധികവും ശ്രദ്ധിക്കപ്പെടാറ്. നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യവും ഇഷ്ടവുമാണല്ലോ ഭക്ഷണം. ആ പ്രാധാന്യം അതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കുമെല്ലാം കാണുന്നത് സ്വാഭാവികം.

എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പാചക വീഡിയോകളെക്കാള്‍ ഇപ്പോള്‍ ‘ഡിമാന്‍ഡ്’ ഭക്ഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍, കൗതുകകരമായ കാഴ്ചകള്‍, പരീക്ഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാമാണ്. അനവധി ഫുഡ് ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തിളങ്ങുന്നുമുണ്ട്.

അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഇത്തരം വീഡിയോകള്‍ നാം നിരന്തരം കണ്ടുതള്ളാറുണ്ട്, അല്ലേ? ഇവയില്‍ ചിലതെങ്കിലും നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യാം. ഏതായാലും അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്.

‘നോണ്‍വെജ് ഫുഡീ’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണിത്. ചെറിയൊരു തട്ടുകടയോ, അല്ലെങ്കില്‍ ഹോട്ടലോ ആണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. ഇവിടെ വലിയ ചട്ടി വച്ച് ചിക്കന്‍ ഫ്രൈ തയ്യാറാക്കുകയാണ് പാചകക്കാരന്‍.

എണ്ണയില്‍ തിളച്ചുമറിയുന്ന ചിക്കന്‍. ഇതിനിടെ എണ്ണയിലേക്ക് കൈ മുക്കി, അതില്‍ നിന്ന് പാകമായ ചിക്കന്‍ പുറത്തേക്കെടുക്കുകയാണ് പാചകക്കാരന്‍. യാതൊരു ഭാവഭേദവമില്ലാതെ തിളച്ച എണ്ണയിലേക്ക് കൈമുക്കി, എണ്ണ ഊര്‍ന്നുവീഴുന്ന അദ്ദേഹത്തിന്റെ വിരലുകള്‍ കാഴ്ചക്കാരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

എങ്ങനെയാണ് തിളച്ചുമറിയുന്ന എണ്ണയിലേക്ക് ഇങ്ങനെ കൈ മുക്കുന്നത് എന്നതാണ് ഏവരുടെയും ചോദ്യം. പലരും പല ഊഹങ്ങളും പങ്കുവയ്ക്കുന്നുണ്ടെങ്കിലും കൃത്യമായൊരു ഉത്തരമില്ലാതെ ഒരതിശയമായിത്തന്നെ തുടരുകയാണ് ഈ വീഡിയോ.

പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ വൃത്തിയുടെ കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിക്കുന്നവരും ഏറെയാണ്. എങ്കിലും തിളച്ച എണ്ണയിലേക്ക് ഒരു ഭയവും ഭാവവ്യത്യാസവും കൂടാതെ കൈ മുക്കുന്ന ‘ട്രിക്ക്’ അറിയാനാണ് അധികം ഭക്ഷണപ്രേമികളും ആഗ്രഹിക്കുന്നത്. വൈറലായ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ…

 

 

LEAVE A REPLY

Please enter your comment!
Please enter your name here