അമ്പലപ്പുഴ ∙ 204 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെയും യുവതിയെയും ജില്ലാ നര്‍കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തു.കാസര്‍കോട് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഷെല്ലി മാത്യു (28), ആലപ്പുഴ വണ്ടാനം പുതുവല്‍ നൗഫല്‍ (തുക്കിടി-30) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ.ബിനുകുമാര്‍, സിഐ കെ.ജി.പ്രതാപചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് വണ്ടാനം പോസ്റ്റ് ഓഫിസിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്നാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ ഹഷീഷ് ഓയിലിനു വിപണിയില്‍ രണ്ടേകാല്‍ ലക്ഷം രൂപ വില വരുമെന്ന് നര്‍കോട്ടിക് വിഭാഗം അറിയിച്ചു. ബൈക്കിലെത്തിയ ഇവര്‍ വണ്ടാനം കേന്ദ്രീകരിച്ച് ഇതിനു മുന്‍പും ലഹരി വസ്തുക്കള്‍ വിറ്റിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബൈക്കും കസ്റ്റഡിയിലെടുത്തു. ലഹരി വില്പന കേസില്‍ നൗഫല്‍ ഇതിനു മുന്‍പും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും.