തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം. നരേന്ദ്രമോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 ശതമാനമാണ് നികുതി ഈടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനത്തിന് 66 ശതമാനം നികുതി കൊടുക്കേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനെ പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇന്ധന വില തീരുമാനിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കോണ്‍ഗ്രസ് അധികാരം നല്‍കിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ധന വില കൂടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്നത് തെറ്റായ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ബിജെപി സര്‍ക്കാരിന് എതിരായി ജനരോഷം തിരിച്ചുവിടാനാണെന്നും ഷാഫി പറഞ്ഞു.
ഇന്ധന നികുതി കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും യുഡിഎഫ് 94 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് കൂട്ടിയത് 11 ശതമാനം മാത്രമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തേക്കാള്‍ കൂടുതല്‍ നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് മന്ത്രി കെ എന്‍ ബാലഗോപാലിനെന്ന് ഷാഫി കുറ്റപ്പെടുത്തി.