പാലക്കാട്: ഹലാല്‍ ഹോട്ടലുകള്‍ വഴി നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ ഹലാല്‍ ഭക്ഷണമാണ് ഇനി വരാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഹലാല്‍ ഹോട്ടലുകള്‍ എന്ന് പറഞ്ഞ് നമ്മുടെ നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. മൊയ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പം,’ സുരേന്ദ്രന്‍ പറഞ്ഞു.
ബ്രാഹ്മിണ്‍സ് ഹോട്ടലുകള്‍ നടത്തുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവിടെ തുപ്പുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
എന്നാല്‍ ഹലാല്‍ ഹോട്ടലുകളില്‍ തുപ്പുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചുചോദിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. ഹോട്ടലുകളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞ വീഡിയോ കാണിക്കാനും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു.
ഇതോടെ തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച പ്രസംഗത്തിന്റെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാണിച്ചെങ്കിലും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇയാള്‍ ആരാണ് എന്നാണ് വീഡിയോ കാണിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞത്.
അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കല്‍ തീരുമാനം മുട്ടുമടക്കിയതാണോ മുട്ടടിക്കുന്നതാണോ എന്ന് വരും ദിവസങ്ങളില്‍ കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മോദി വ്യത്യസ്തനായിട്ടുള്ള പ്രധാനമന്ത്രിയാണ് എന്നത് ലോകം അംഗീകരിച്ചതാണ്. അദ്ദേഹം എടുക്കുന്ന ഏത് തീരുമാനത്തിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ്.
ഉത്തരേന്ത്യയില്‍ കാര്‍ഷിക വിളകളുടെ വില്‍പ്പന കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി ചന്തകളിലൂടെയാണ്. അതിവിടെയും കൊണ്ടുവരാന്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും മുന്‍കൈ എടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.