24 കോടി വില നല്‍കാന്‍ തയ്യാറായിട്ടും പോത്തിനെ (Buffalo) വില്‍ക്കാതെ ഉടമസ്ഥന്‍. ജോധ്പൂരില്‍ (Jodhpur) നടന്ന പുഷ്കര്‍ മേളയിലാണ് കോടികള്‍ വിലമതിക്കുന്ന ഈ പോത്ത് ഭീമന്‍ എത്തിയത്. വിലയിലും ഭാരത്തിലും സൂചിപ്പിക്കുന്നത് തന്നെയാണ് ഈ പോത്തിന്‍റേയും പേര്, ഭീം (Bheem). 6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ ഈ കറുത്ത ഭീമന്‍റെ ഭാരം. അരവിന്ദ് ജാംഗിദ് (Arvind Jangid) എന്നയാളാണ് ഭീമിന്‍റെ ഉടമ. മേളയുടെ പ്രധാന ആര്‍ഷണമായി തന്നെ മാറിയ പോത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ആവശ്യക്കാരുമെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിയ ഒരാള്‍ 24 കോടി രൂപയാണ് ഭീമിന് വില ഓഫര്‍ ചെയ്തെങ്കിലും അത് അരവിന്ദ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഓരോ മാസവും 1.5 ലക്ഷം രൂപമുതല്‍ 2 ലക്ഷം രൂപവരെയാണ് ഭീമിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ചെലവ് വരുന്നത്. അമ്പരപ്പിക്കുന്ന ഡയറ്റുമാണ് ഈ പോത്ത് ഭീമന്‍ പിന്തുടരുന്നത്. ഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ ഡയറ്റ്. 2019ന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഭീമിനെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 2019ല്‍ 21 കോടി രൂപയായിരുന്നു ഭീമിന് വാഗ്ദാനം ലഭിച്ചത്. എന്നാല്‍ തന്‍റെ സന്തോഷത്തിന് വേണ്ടിയാണ് ഭീമിന് വളര്‍ത്തുന്നത് അതിനാല്‍ വില്‍ക്കുന്നില്ലെന്നാണ് അരവിന്ദ് വിശദമാക്കുന്നത്. മുര എന്നയിനം പോത്താണ് ഭീം. ഈയിനം പോത്തുകളുടെ സംരക്ഷണത്തേക്കുറിച്ച് ആളുകള്‍ക്ക് ബോധവല്‍ക്കരണത്തിനായാണ് ഭീമുമായി മേളയിലെത്തിയതെന്നും അരവിന്ദ് വിശദമാക്കുന്നു.
2019പ്രദര്‍ശനം ആരംഭിച്ച സമയം മുതല്‍ പുഷ്കര്‍ മേളയിലെ താരമാണ് ഭീം. ബാല്‍തോറ, നാഗ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളിലും ഭീമിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭീമിന്‍റെ ബീജത്തിനും വന്‍ ഡിമാന്‍റാണെന്നും അരവിന്ദ് പറയുന്നു. ഭീമില്‍ നിന്നുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് തന്നെ 40 കിലോമുതല്‍ 50 വരെ ഭാരം കാണുന്നുണ്ട്. 20-30 ലിറ്റര്‍ വരെ പാല്‍ നല്‍കാനും ഇവയ്ക്ക് നല്‍കാനാവുമെന്നും അരവിന്ദ് പറയുന്നു. 0.25 മില്ലിലിറ്റര്‍ ബീജം അഞ്ഞൂറ് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പേനയുടെ റീഫില്ലില്‍ കാണുന്ന മഷിയുടെ അളവാണ് 0.25 മില്ലിലിറ്റര്‍. ഇത്തരത്തിലുള്ള പതിനായിരത്തിലധികം റീഫില്ലുകളാണ് അരവിന്ദ് വര്‍ഷം തോറും വില്‍ക്കുന്നത്. ഓരോ തവണയും നാല് മുതല്‍ അഞ്ച് മില്ലി വരെയാണ് ഭീം ഉല്‍പാദിപ്പിക്കുന്നത്.
ഹരിയാനയില്‍ അടുത്തിടെ മരണപ്പെട്ട സുല്‍ത്താന്‍ എന്ന പോത്തിന് 21 കോടി രൂപയാണ് വിലമതിച്ചിരുന്നത്. ഈ ഭീമൻ വിത്തു’പോത്തി’നെക്കൊണ്ട് ഹരിയാനയിലെ കൈത്താൽ സ്വദേശിയായ നരേഷ് ബെനിവാൾ വർഷാവർഷം സമ്പാദിച്ചിരുന്നത് ലക്ഷക്കണക്കിന് രൂപയായിരുന്നു. ഹൃദയാഘാതം നിമിത്തമായിരുന്നു സുല്‍ത്താന്‍റെ മരണം. 1200 കിലോ ഭാരം. അഞ്ചടി പതിനൊന്ന് ഇഞ്ച് ഉയരം. പതിനാലടിയോളം നീളം. കറുത്ത നിറം. തിളങ്ങുന്ന കണ്ണുകൾ ഇവയെല്ലാമായിരുന്നു സുല്‍ത്താന്‍റെ പ്രത്യേകതകള്‍. വാക്‌സിനുകൾ, മൃഗഡോക്ടറുടെ ഫീസ് തുടങ്ങി ചെലവുകൾക്കുവേണ്ടി മാത്രം വർഷം തോറും ചുരുങ്ങിയത് രണ്ടു ലക്ഷമെങ്കിലും ബെനിവാളിനു ചെലവിടേണ്ടി വന്നിരുന്നു. അതിനു പുറമെ ലിറ്റർ കണക്കിന് പാൽ. ദിവസേന 15 കിലോ ആപ്പിൾ, 20 കിലോ കാരറ്റ്, 10 കിലോ ധാന്യം, 10 കിലോ പുല്ല് തുടങ്ങിയവയും സുല്‍ത്താൻ അകത്താക്കുമായിരുന്നു.