കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയായ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴാം തീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു യുവതി.
ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുവതിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷമായിരുന്നു യുവതിക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വയറുവേദന ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ അനുഭവട്ടെപ്പോഴായിരുന്നു ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. രോഗവിമുക്തയായ ഇവരിപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. ഇവരുമായി ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക. ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. 1952ല്‍ ആദ്യമായി മനുഷ്യരിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ സംസ്ഥാനത്ത് തിരുവനന്തപുരത്തായിരുന്നു സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.