ശബരിമലയില്‍ ഉപയോഗിക്കുന്നത് ശിവസേനാ നേതാവിന്റെ കമ്പനിയിലെ ശര്‍ക്കര; ബി.ജെ.പി വാദം പൊളിയുന്നു

0
295

കോഴിക്കോട്: ശബരിമല ‘ഹലാല്‍’ ശര്‍ക്കര വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അരവണ പ്രസാദവും അപ്പവും നിര്‍മിക്കാനുള്ള ശര്‍ക്കരയെത്തുന്നത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയില്‍ നിന്നാണെന്നുള്ള ബി.ജെ.പി-സംഘപരിവാര്‍ വാദം പൊളിയുന്നു.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കമ്പനിയുടെ ചെയര്‍മാനായ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ ശിവസേന സ്ഥാനാര്‍ത്ഥിയായിരുന്നു.

ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ വര്‍ധന്‍ അഗ്രോയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗരി പൗഡര്‍.

അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പാക്കിങ്ങില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തുന്നത്.

ഇക്കാര്യം നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിലും ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച വിശദീകരണം വ്യാഴാഴ്ച നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ശര്‍ക്കരപ്പൊടി ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ബോര്‍ഡ് പറഞ്ഞു.

ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും ശബരിമലയിലെ അപ്പം, അരവണ വില്‍പന തടയുക എന്ന ദുരുദ്ദേശ്യമാണ് ഉള്ളതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നു.

‘ശബരിമലയുടെ സല്‍പ്പേര് തകര്‍ക്കാനും തീര്‍ത്ഥാടകരുടെ മതവികാരം വ്രണപ്പെടുത്താനും അതുവഴി സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുമുള്ള വിവിധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് നടക്കുന്നത്,’ ബോര്‍ഡ് പറഞ്ഞു.

ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സന്നിധാനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശബരിമല പ്രസാദത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യ വേദിയുടേയും പ്രചരണം.

LEAVE A REPLY

Please enter your comment!
Please enter your name here