ഇസ്ളാമാബാദ്:ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കണ്ടവരെല്ലാം ഓർമ്മിക്കുന്ന പേരാണ് ഇടംകൈ പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയുടേത്. ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ പുറത്താക്കി ഇന്ത്യയുടെ ബാറ്റിംഗിന് കടുത്ത ഭീഷണിയൊരുക്കി പാകിസ്ഥാന് വിജയത്തിലേക്ക് വഴിതുറന്നയാളാണ് 21കാരനായ ഷഹീൻ അഫ്രീദി.
പാകിസ്ഥാന്റെ മുൻ നായകനും ഓൾറൗണ്ടറുമായ ഷഹീദ് അഫ്രീദിയുമായി ഷഹീന് ചെറിയൊരു ബന്ധമുണ്ട്. ഷഹീദ് അഫ്രീദിയുടെ മൂത്തമകൾ അക്സയുടെ ഭാവി വരനാണ് ഷഹീൻ. അതെ അക്സയുടെയും ഷഹീനിന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നതായി ഷഹീദ് അഫ്രീദി സ്ഥിരീകരിച്ചിട്ടുണ്ട്.
ഷഹീദ് അഫ്രീദിയുടെയും നദിയയുടെയും അഞ്ച് പെൺമക്കളിൽ മൂത്തയാളാണ് അക്സ. ഇപ്പോൾ മെഡിസിന് പഠിക്കുകയാണ് 20കാരിയായ ഈ പെൺകുട്ടി. പഠനം പൂർത്തിയായ ശേഷമാകും ഷഹീനുമായുളള വിവാഹം. ക്രിക്കറ്റിനോട് വലിയ ഇഷ്ടമുളള അച്ഛന്റെ മത്സരങ്ങൾ കാണാൻ വന്നിട്ടുളള അക്സയ്ക്ക് പക്ഷെ ഷഹീനുമായി പ്രണയമോ മുൻപരിചയമോ ഇല്ലെന്നാണ് അഫ്രീദി വ്യക്തമാക്കിയത്.
അഫ്രീദി ഗോത്രത്തിലെ വ്യത്യസ്തമായ ഉപഗോത്രത്തിൽ പെട്ടവരാണ് ഷഹീദ് അഫ്രീദിയുടെയും ഷഹീനിന്റെയും കുടുംബങ്ങൾ. ഷഹീനിന്റെ കുടുംബമാണ് വിവാഹാലോചനയുമായി വന്നതെന്ന് ഷഹീദ് അഫ്രീദി വ്യക്തമാക്കിയിട്ടുണ്ട്. അക്സയ്ക്ക് പുറമേ അൻഷ,അജ്വ,അസ്മാറ, അർവ എന്നിങ്ങനെയാണ് അഫ്രീദിയുടെ മറ്റ് നാല് മക്കളുടെ പേരുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും പാകിസ്ഥാനിലെ ക്രിക്കറ്റ് ലീഗായ പിഎസ്എല്ലിൽ മുൾട്ടാൻ സുൽത്താൻസ് താരമാണ് ഷഹീദ് അഫ്രീദി. ഷഹീനാകട്ടെ ലാഹോർ ഖലന്ദേഴ്സിന്റെയും.