കൊച്ചി: മുസ്ലിം വ്യക്തിനിയമത്തിെൻറ അടിസ്ഥാനത്തിൽ കോടതിക്ക് പുറത്ത് നടക്കുന്ന വിവാഹമോചനക്കേസുകൾ കുടുംബ കോടതികളുടെ പരിഗണനക്കെത്തുേമ്പാൾ വിശദ പരിശോധനയിലേക്ക് കടക്കേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി. ത്വലാഖ്, ഖുൽഅ്, ത്വലാെഖ തഫ്വീസ്, മുബാറാത്ത് തുടങ്ങിയ മാർഗങ്ങളിലൂടെ നടത്തിയ വിവാഹമോചനങ്ങൾക്ക് സാധുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായാൽ കൂടുതൽ അന്വേഷണം നടത്താതെ തന്നെ വിവാഹമോചനം പ്രഖ്യാപിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുടുംബ കോടതി ഉത്തരവിൽ എതിർപ്പുള്ള കക്ഷിക്ക് ഉചിതമായ വേദിയെ സമീപിച്ച് നടപടി ചോദ്യം ചെയ്യാൻ അവസരമുണ്ടെന്നതുകൂടി വിലയിരുത്തിയാണ് ഈ ഉത്തരവ്. ഇക്കാര്യത്തിൽ കുടുംബ കോടതികൾക്ക് ബാധകമാക്കി ചില മാർഗനിർദേശങ്ങളും ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു.
വിവാഹമോചനം നേടിയ ഭർത്താവിെൻറ നടപടി തെൻറ വാദം കേൾക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിനി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മുസ്ലിം വ്യക്തിനിയമ പ്രകാരം 2019 ഡിസംബർ 28നാണ് ഭർത്താവ് മൂന്നാമത്തെ ത്വലാഖ് ചൊല്ലിയത്. ഇക്കാര്യം രജിസ്റ്റേർഡ് തപാലിൽ ഹരജിക്കാരിയെ അറിയിച്ചു.