ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

0
331

ദില്ലി: ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാനുള്ള ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു.

കേന്ദ്ര സർക്കാർ ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ചർച്ച ചെയ്യപ്പെടുന്നത്. പ്രസ്തുത ബില്ലിലൂടെ സ്വകാര്യ ക്രിപ്റ്റോകറൻസികൾ വിലക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നിയമപരിരക്ഷ ഇപ്പോഴില്ല. എന്നാൽ ഇടപാടുകൾ നടക്കുന്നുണ്ട്. 2018 ൽ കേന്ദ്രം ക്രിപ്റ്റോ ഇടുപാടുകൾ പൂർണ്ണമായും വിലക്കിയിരുന്നു. എന്നാൽ 2020 മാർച്ച് മാസത്തിൽ സുപ്രീം കോടതി ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 വഴി ഇന്ത്യ റിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക് സാധുത നൽകാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ കേന്ദ്ര ബാങ്കിന് ക്രിപ്റ്റോകറൻസി വിരുദ്ധ നിലപാടാണ്. ഇക്കാര്യത്തിൽ ഗൗരവതരമായ ആശങ്കകൾ റിസർവ് ബാങ്ക് തുടക്കം മുതൽ മുന്നോട്ട് വെച്ചിരുന്നു. 2008 ലാണ് ബിറ്റ്കോയിൻ നിലവിൽ വന്നത്. ഇതിനെയൊരു ഇലക്ട്രോണിക് പേമെന്റ് സിസ്റ്റമായാണ് വികസിപ്പച്ചത്.

എന്താണ് പ്രൈവറ്റ് ക്രിപ്റ്റോ കറന്‍സി

എന്നാല്‍ അനോണിമസായി വിനിമയം നടത്തുന്ന ക്രിപ്റ്റോ കറന്‍സികളാണ് നിരോധിക്കുക എന്നാണ് പിന്നീട് ഇതില്‍ വന്ന വിശദീകരണം. കേന്ദ്ര സർക്കാര്‍ സമ്പൂർണ്ണ നിരോധനം (ban) ക്രിപ്റ്റോ കറന്‍സികളില്‍ ഏര്‍പ്പെടുത്തില്ലെന്നാണ് പുറത്തുവന്ന വിശദീകരണം. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

എല്ലാ ക്രിപ്റ്റോ കറന്‍സികളും ബ്ലോക് ചെയിന്‍ ടെക്നോളജി ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഒരു പരിധിവരെ അജ്ഞാതാവസ്ഥ അത് നിലനിര്‍ത്തുന്നു. എന്നാല്‍ പൂര്‍ണ്ണമായും അല്ല താനും. അക്കൗണ്ടുമായി ബന്ധിപ്പിച്ച വിലസം വഴി ചിലപ്പോള്‍ ഇടപാടിന്‍റെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ഒരു ബ്ലോക് ചെയിനില്‍ കയറാന്‍ സാധിക്കുന്ന ഒരു വ്യക്തിക്ക് ഒരു ഇടപാടിന്റെ വിവരങ്ങള്‍ ഒരു പരിധിവരെ കണ്ടെത്താന്‍ സാധിക്കും. അതായത് പബ്ലിക്ക് കോയിനുകളിലെ ഇടപാടുകള്‍ പരസ്യമാണ്. എന്നാല്‍ പ്രൈവസി കോയിനുകള്‍ എല്ലാതരത്തിലും അജ്ഞാതാവസ്ഥ ഇടപാടുകള്‍ സ്വീകരിക്കുന്നു. അതായത് പ്രൈവസി കോയിന്‍ ഇടപാടുകള്‍ പൂര്‍ണ്ണമായും അജ്ഞാതമാണ്. എന്നാല്‍ പബ്ലിക്ക് കോയിനുകളില്‍ ഇടപാട് ലെഡ്ജര്‍ പരസ്യമാണെങ്കിലും ഇടപാട് വിവരങ്ങള്‍ യൂസറുടെ സ്വകാര്യതയ്ക്ക് വേണ്ടി മറയ്ക്കുന്നു.

ബിറ്റ് കോയിന്‍, ലൈറ്റ് കോയിന്‍, എത്തിറീയം തുടങ്ങിയവ പബ്ലിക്ക് കോയിന് ഉദാഹരണമാണ്. അതായത് ഈ കോയിനുകള്‍ ഉപയോഗിക്കുന്നവര്‍ വരാന്‍ പോകുന്ന നിയമത്തില്‍ അധികം ഭയക്കേണ്ടതില്ലെന്ന് യാഥാര്‍ത്ഥ്യം. അതേ സമയം മോണേരോ, ഇസെഡ്കാഷ്, ഡാഷ് തുടങ്ങിയ കോയിനുകള്‍ പ്രൈവസി കോയിനുകളാണ് ഇവ കയ്യിലുള്ളവര്‍ പ്രതിസന്ധിയിലായേക്കും.

ബില്ല് വരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് ശേഷം

പുതിയ ബില്ലില്‍ റിസര്‍വ് ബാങ്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന് പറയുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഇതിലൂടെ ബിറ്റ്‌കോയിന്‍ ഇടപാടില്‍ അടക്കം നിക്ഷേപിച്ചിരുന്നവര്‍ക്ക് അംഗീകൃതമായ മാര്‍ഗത്തിലേക്ക് മാറാം. നിക്ഷേപകരുടെ സുരക്ഷയും മാധ്യമങ്ങളിലൂടെ വരുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വലിയ ആശങ്കകളും കണക്കിലെടുത്താണ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പലരുമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. വിവിധ മന്ത്രാലയങ്ങളുമായും റിസര്‍വ് ബാങ്കുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. എല്ലാ യോഗത്തിലും നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. നവംബര്‍ 26ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ക്രിപ്‌റ്റോ ഫിനാന്‍സിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി തീര്‍ത്തും ഇല്ലാതാക്കാന്‍ പറ്റില്ലെന്നും, എന്നാല്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നു ഈ യോഗം വിലയിരുത്തിയിരുന്നു.

ക്രിപ്‌റ്റോകറന്‍സി ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ആര്‍ബിഐയും സെബിയും നിയന്ത്രണമില്ലാതെ ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയില്‍ വളരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം എല്‍സാല്‍വദോര്‍ മാത്രമാണ് ക്രിപ്‌റ്റോ കറന്‍സി നിയമപരമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here