ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ പ്രസിഡന്റ്

0
334

കോഴിക്കോട് ∙ വനിതാ ലീഗ് ദേശീയ പ്രസിഡന്റായി ഫാത്തിമ മുസഫറിനെ (തമിഴ്‌നാട്) തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ, മുസ്‌ലിം പഴ്‌സനൽ ലോ ബോർഡ്, തമിഴ്‌നാട് വഖഫ് ബോർഡ്, മുസ്‌ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമൺസ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള രാജീവ് ഗാന്ധി മൂപ്പനാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2020ൽ മെഗാ ടിവി വുമൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

അതിക്രമങ്ങളിൽ അന്വേഷണം വേണം

ത്രിപുരയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘ്പരിവാർ അതിക്രമങ്ങളിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് മുസ്‍ലിം ലീഗ് ദേശീയ ഉപദേശകസമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. അക്രമത്തിന് ഇരകളായവർക്കു നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ല. പൊലീസ് ഈ അക്രമങ്ങളെല്ലാം നോക്കിനിൽക്കുകയായിരുന്നു. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കുകയും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുകയും വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ ഹജ് എംബാർക്കേഷൻ പോയിന്റ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിസംബർ 3 മുതൽ 10 വരെ ദേശീയതലത്തിൽ ഫണ്ട് ശേഖരണ ക്യാംപെയ്ൻ നടത്തും. വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഭാരവാഹികൾക്കു നൽകി. ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം.ഖാദർ മൊയ്തീൻ അധ്യക്ഷനായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നവാസ് കനി എംപി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൽ വഹാബ് എംപി, ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എംപി തുടങ്ങിയവർ പ്രസംഗിച്ചു.

ജനകീയ സമാഹരണത്തിലൂടെ ശേഖരിക്കും

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനു സാമൂഹിക സാംസ്കാരികപ്രവർത്തകരുടെ മേൽ ചുമത്തപ്പെടുന്ന പിഴസംഖ്യ ജനകീയ സമാഹരണത്തിലൂടെ ശേഖരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിൽ പങ്കാളികളായവരുടെ പേരിൽ പൊലീസ് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രഖ്യാപനം ഇതുവരെയായിട്ടും പ്രാവർത്തികമായിട്ടില്ലെന്നു നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here