ആവശ്യകതയാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്നാണ് പറയപ്പെടുന്നത്. ബിഹാറിലെ മുസഫർ പൂരിൽ നിന്ന് തന്നെ ഇതിന് ഉദാഹരണം കണ്ടെത്താം. രാജ്യത്ത് പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡ് ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ഖറൗന സ്വദേശി പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പെട്രോളും ഡീസലും നിർമിക്കുന്ന പ്ലാന്റിന് തുടക്കമിട്ടത്. കിലോയ്ക്ക് ആറു രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പെട്രോളും ഡീസലും കർഷകർക്ക് ലീറ്ററിന് 70 രൂപയ്ക്ക് ലഭ്യമാക്കും. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിർവഹിച്ചു.
പ്രതിദിനം 150 ലീറ്റർ പെട്രോളും 130 ലീറ്റർ ഡീസലുമാണ് ഈ യൂണിറ്റിൽ ഉൽപാദിപ്പിക്കുക. യൂണിറ്റിന് ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം നഗരസഭ ലഭ്യമാക്കും. പകരം നഗരസഭയ്ക്കും ലീറ്ററിന് 70 രൂപ നിരക്കിൽ പെട്രോൾ നൽകും. മുസഫർപുർ ഖറൗന ഗ്രാമത്തിലെ അശുതോഷ് മംഗലത്തിന്റെ നേതൃത്വത്തിലുള്ള യുവസംരംഭകരാണ് യൂണിറ്റ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ തൊഴിലവസര സൃഷ്ടിക്കൽ പരിപാടി (PMEGP)യിൽ നിന്ന് പദ്ധതിക്കായി 25 ലക്ഷം രൂപ വായ്പ ലഭിച്ചു. വായ്പയ്ക്ക് പലിശ സബ്സിഡിയുണ്ട്. ഒരു ലിറ്റർ പെട്രോളിന്റെ ഉൽപാദന ചെലവ് 45 രൂപയെന്നാണ് കണക്കാക്കുന്നത്.
ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം വികസിപ്പിച്ചെടുത്തതാണ് സാങ്കേതിക വിദ്യ. ആദ്യ ദിനത്തിൽ 40 ലിറ്റർ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് 37 ലിറ്റർ ഡീസൽ ഉൽപാദിപ്പിച്ചു.