ചണ്ഡിഗഢ്: പെട്രോളിനും ഡീസലിനും വില കുറച്ച് പഞ്ചാബ്. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് പഞ്ചാബ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.
70 വര്‍ഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞത്. അതേസമയം, അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചന്നിയുടെ നീക്കം എന്നാണ് ആരോപണമുയരുന്നത്.
‘ദല്‍ഹിയേക്കാളും കുറഞ്ഞ വിലയില്‍ ഇനി പഞ്ചാബില്‍ പെട്രോള്‍ ലഭിക്കും. ദല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ 9 രൂപയാണ് ഇവിടെ പെട്രോളിന് കുറവ്,’ ചന്നി പറയുന്നു.
നിലവില്‍ പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയാണ് പഞ്ചാബില്‍ ഇന്ധന വില. ദല്‍ഹി, യു.പി, ഹരിയാന, രാജസ്ഥാന്‍ ജമ്മുകശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇന്ധന വില പഞ്ചാബിനേക്കാള്‍ കൂടുതലാണ്.
കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെയാണ് പഞ്ചാബും പെട്രോള്‍-ഡീസല്‍ വില കുറച്ചിരിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത്. ഇതോടെ പെട്രോളിന് 5ഉം ഡീസലിന് 10ഉം രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ അടുത്ത് നടക്കാനിരിത്തുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ബി.ജെ.പി ഇന്ധന നികുതി കുറച്ചതെന്നാണ് ആരോപണമുയരുന്നത്.
കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ, യു.പി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ വില കുറച്ചിരുന്നു.
ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും, ഛത്തീസ്ഗഢും നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.
തങ്ങള്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നും, നവംബര്‍ 4ലെ കേന്ദ്രത്തിന്റെ തീരുമാനത്തോടെ, സംസ്ഥാന നികുതിയില്‍ പെട്രോളിന് ലിറ്ററിന് 1.8 രൂപയും ഡീസലിന് 2.6 രൂപയും കുറഞ്ഞുവെന്നും, സംസ്ഥാന വരുമാനത്തില്‍ 1,800 കോടിയുടെ അധിക നഷ്ടമുണ്ടാക്കിയെന്നുമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്.
അതേസമയം, മുന്‍ യു.പി.എ സര്‍ക്കാരിന് തുല്യമായി പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ആവശ്യപ്പെടുന്നത്. അധികാരത്തിലേറിയ മോദി പെട്രോളിന് 30 രൂപയിലധികം കൂട്ടിയ ശേഷമാണ് 5 രൂപ കുറച്ചതെന്നും ഭാഗേല്‍ പറയുന്നു.