പലചരക്ക് സാധനങ്ങൾക്കും തീവില; പല ഇനങ്ങൾക്കും വില കുത്തനെ കൂടി, ഒരാഴ്ചക്കിടെ 20% വരെ വിലവർധന

0
310

കോഴിക്കോട്: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

ഇനം ഒരാഴ്ച മുമ്പത്തെ വില ഇന്നത്തെ വില ചില്ലറ വില്‍പന വില
മല്ലി 110 120 130-135
മഞ്ഞൾ 130 150 160-165
വന്‍പയർ 90 110 120-125
കടല 85 95 -100 105-110
കടുക് 90 105 115-120

വന്‍പയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക് ഏറ്റവും വില കയറിയത്. കോഴിക്കോട്ടെ മൊത്തവില്‍പന കേന്ദ്രങ്ങളില്‍ ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വന്‍പയർ ഇപ്പോൾ 110  രൂപ മുതലാണ് വില. മഞ്ഞൾ കിലോ 130 രൂപയില്‍ നിന്നും 150 ആയി.  കടുക് പതിനഞ്ച് രൂപ കൂടി കിലോയ്ക്ക് 105 ആയി. 110 രൂപയുണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120. 85 രൂപയായിരുന്ന കടല 95 ആയി.  ഈ വിലയില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വില്‍ക്കുക. ഇത്ര വലിയ വർധനവ് ആദ്യമായിട്ടാണെന്നും മറ്റ് ഇനങ്ങൾക്കും ഇനിയും വില കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

മട്ടയും കുറുവയമുടക്കം അരികളില്‍ എല്ലാ ഇനത്തിനും കിലോയ്ക്ക് രണ്ട് രൂപ വീതം കൂടിയിട്ടുണ്ട്. പുളി, ചായപ്പൊടി, സോപ്പുപൊടി എന്നിവയ്ക്കും വില കൂടിക്കഴിഞ്ഞു. കൊവി‍ഡ് നിയന്ത്രണങ്ങളൊക്കെ നീങ്ങി ഹോട്ടലുകൾ തുറക്കുകയും, വിവാഹ ചടങ്ങുകളടക്കം വീണ്ടും സജീവമായി തുടങ്ങുകയും ചെയ്യുമ്പോഴാണ് സാധാരണക്കാർക്കും വ്യാപാരികൾക്കും ഇരുട്ടടിയായി വിലകയറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here