മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോക്കറ്റിൽനിന്നു കുറച്ചു നോട്ടുകൾ കയ്യിലെടുത്ത് എണ്ണുന്ന ദൃശ്യം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എഡിറ്റ് ചെയ്ത വീഡിയോയാണിത് എന്ന തരത്തിലാണ് പ്രചാരണം. മലയാളി ഡാ (malayali da) എന്ന ഫേസ്ബുക്ക് പേജിന്റെ പോസ്റ്റാണ് കൂടുതലും ഷെയർ ചെയ്തിട്ടുള്ളത്. ‘എഡിറ്റിങ് സിംഗമേ’ എന്ന തലക്കെട്ടോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്. ‘കൊളാഷ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന വീഡിയോയിൽ ‘സൂപ്പർ എഡിറ്റിംഗ്’ എന്നും തലക്കെട്ടിൽ കൊടുത്തിട്ടുണ്ട്.
അന്വേഷണം
ഇൻവിഡ് ടൂളുപയോഗിച്ച് വീഡിയോയുടെ കീഫ്രെയിമുകൾ സൃഷ്ടിച്ചു. ശേഷം കീവേർഡുകളുടെ സഹായത്തോടെ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട ഇന്ത്യൻ എക്്‌സ്പ്രസ്സിന്റെ ഒരു വാർത്ത ലഭിച്ചു. അതിലൂടെ 2020 ഒക്ടോബർ 18-ന് അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന ഒരു സംഭവത്തിന്റേതാണ് പ്രചരിക്കുന്ന വീഡിയോ എന്ന് കണ്ടെത്താൻ സാധിച്ചു.
ഇന്ത്യൻ എക്‌സ്പ്രസ് വാർത്തയുടെ ലിങ്ക്.
https://indianexpress.com/article/trending/trending-globally/trump-seen-counting-money-bills-before-church-donation-his-expression-memes-6788675/
ലാസ് വെഗാസിലുള്ള ഇന്റർനാഷണൽ ചർച്ചിൽ ഒരു പ്രാർത്ഥനാ ചടങ്ങ് അന്ന് സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത ട്രംപ് ‘ചെയ്ഞ്ച് 4 ചെയ്ഞ്ച്’ എന്നെഴുതിയ സംഭാവനാ ബക്കറ്റിലേയ്ക്ക് 20 ഡോളറിന്റെ കുറച്ചു നോട്ടുകൾ സംഭാവനയായി നൽകി. സംഭാവന കൊടുക്കുന്നതിനു മുൻപായി അദ്ദേഹം പോക്കറ്റിൽനിന്നു നോട്ടുകൾ പുറത്തെടുത്ത് എണ്ണി നോക്കുകയും ചെയ്തു. അതിന്റെ ദൃശ്യമാണ് എഡിറ്റ് ചെയ്തതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ട്രംപ് നോട്ടെണ്ണുന്ന ചിത്രം റോയിട്ടേഴ്‌സ് സമൂഹമാദ്ധ്യമങ്ങൾ വഴി അന്ന് പങ്കുവച്ചിരുന്നു.
വാസ്തവം
നോട്ടുകൾ എണ്ണി നോക്കുന്ന ഡൊണാൾഡ് ട്രംപിന്റെ വീഡിയോ എഡിറ്റ് ചെയ്തതല്ല. അത് യഥാർത്ഥ ദൃശ്യമാണ്. 2020 ഒക്ടോബർ 21-ന് അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന ഒരു പ്രാർത്ഥനാ ചടങ്ങിനിടെയുണ്ടായ സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംഭാവന കൊടുക്കുന്നതിനു മുൻപ് പോക്കറ്റിലുണ്ടായിരുന്ന ഡോളർ നോട്ടുകൾ എണ്ണി നോക്കുകയായിരുന്നു അദ്ദേഹം.