തേനീച്ച(bees)യെ ഭയന്ന് തടാകത്തിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. മരണത്തിന് കാരണം പിരാന(Piranhas) മത്സ്യത്തിന്റെ ആക്രമണമാണ് എന്നാണ് കരുതുന്നത്. ശനിയാഴ്ച ബ്രസീലിലെ ലാൻഡിയ ഡി മിനാസിൽ മൂന്ന് സുഹൃത്തുക്കൾ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പെട്ടെന്നാണ് തേനീച്ചക്കൂട്ടം അവരെ അക്രമിച്ചത്. അതില്‍ രണ്ടുപേര്‍ അവിടെനിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. എന്നാല്‍, അവസാനത്തെ ആള്‍ക്ക് രക്ഷപ്പെടാനായില്ല. അയാള്‍, തടാകത്തിലേക്ക് വീഴുകയും പിരാന മീനിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒക്‌ടോബർ 31 -ന് ഞായറാഴ്ച 30 വയസ്സുള്ള ഇയാളെ തീരത്ത് നിന്ന് നാല് മീറ്റർ അകലെ അഗ്നിശമനസേന കണ്ടെത്തിയതായി കൊറെയോ ബ്രസീലിയൻസ് റിപ്പോർട്ട് ചെയ്യുന്നു. അയാളുടെ മുഖത്തും ശരീരത്തിലും ആക്രമണമേറ്റിട്ടുണ്ട്. മനുഷ്യൻ മുങ്ങിമരിച്ചതാണോ, മറ്റേ അറ്റത്തേക്ക് നീന്തുന്നതിനിടയിൽ പിരാനയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ലേ, അതോ മാംസഭോജിയായ ആ മത്സ്യം ആക്രമിച്ചതാണോ എന്ന് അധികൃതർ ഇപ്പോൾ അന്വേഷിക്കുന്നുണ്ടെന്ന് എൽ നാഷനൽ പറഞ്ഞു.
യുവാവ് വെള്ളത്തിനടുത്ത് ബോക്‌സർ പൊസിഷനിലായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇത് ഒരു സാധാരണ മുങ്ങിമരണമാണ്, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്ന് പോർട്ടൽ ഒ ടെമ്പോ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തകർ മുറിവുകൾ കണ്ടതിനെ തുടര്‍ന്ന് ആ തടാകത്തിൽ പിരാനകളുണ്ടോ എന്ന് അന്വേഷിച്ചു. പിന്നീടത് അവർ സ്ഥിരീകരിച്ചു.
തെക്കേ അമേരിക്കയിലെ ആമസോൺ നദീതടത്തിൽ ഏകദേശം 30 ഇനം പിരാനകൾ വസിക്കുന്നു. ഇവയ്ക്ക് മനുഷ്യൻ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും എന്ന് പറയപ്പെടുന്നു. എന്നാല്‍, ബിബിസിയുടെ അഭിപ്രായത്തിൽ മനുഷ്യർക്കെതിരായ ആക്രമണങ്ങൾ ‘വളരെ അപൂർവമാണ്.’ എന്നിരുന്നാലും, ആളുകൾ അപരിചിതമായ വെള്ളത്തിൽ ഇറങ്ങുമ്പോൾ അവ ചിലപ്പോള്‍ ആക്രമിച്ചേക്കാം.