തലപ്പാടിയിൽ പരിശോധന ശക്തം; ബസ് യാത്രയ്ക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധം

0
290

തലപ്പാടി ∙ കർണാടകയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന്‌ തലപ്പാടിയിൽ പരിശോധന കർശനമാക്കിയതോടെ കേരളത്തിൽ നിന്നു റോഡ്‌, ട്രെയിൻ മാർഗം പോകുന്ന യാത്രക്കാർ കുരുക്കിലാകും. കർണാടക മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു ദക്ഷിണ കന്നഡ ജില്ലാ അധികൃതർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയത്‌. നേരത്തെ ഉത്തരവ്‌ നിലവിലുണ്ടെങ്കിലും അതിർത്തികളിൽ കർശന പരിശോധന ഉണ്ടായിരുന്നില്ല. ഇരുസംസ്ഥാനങ്ങളിലെയും കെഎസ്‌ആർടിസി സർവീസും പുനരാരംഭിച്ചിരുന്നു.

പുതിയ നിലപാടോടെ സർവീസ്‌ എത്ര ദിവസം തുടരുമെന്ന്‌ ആശങ്കയുണ്ട്‌. ഇന്നലെ മംഗളൂരുവിലേക്കു പോയ വാഹനങ്ങളിലെ യാത്രക്കാരെ നെഗറ്റീവ്‌ സർട്ടിഫിക്കറ്റില്ലെങ്കിൽ ഇനി കടത്തിവിടില്ലെന്നു മുന്നറിയിപ്പ്‌ നൽകിയാണു പൊലീസ്‌ പോകാൻ അനുവദിച്ചത്‌. ചികിത്സയ്‌ക്കും വിമാനത്താവളത്തിലേക്കും പോകുന്നവരെ കടത്തിവിട്ടു. കെഎസ്‌ആർടിസി സർവീസിനും തടസ്സമുണ്ടായില്ല. ഇന്നു തലപ്പാടിയിൽ കർണാടക പരിശോധന കർശനമാക്കിയാൽ മംഗളൂരുവിലേക്കും ഇതുവഴി ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നവർ പ്രയാസത്തിലാകും.

കാസർകോട്-മംഗളൂരു ദേശീയപാതയിൽ തലപ്പാടി അതിർത്തിയിൽ ഇന്നലെ തന്നെ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പും ചേർന്നാണു പരിശോധന നടത്തുന്നത്. ഇന്നലെ മംഗളൂരുവിലേക്കു വരികയായിരുന്നവരെ തലപ്പാടി അതിർത്തിയിൽ തടഞ്ഞിരുന്നു. വ്യക്തമായ കാരണം പറയാതിരുന്നവരെ തിരിച്ചയച്ചു.

വിവിധ ആവശ്യങ്ങൾക്കായി മംഗളൂരുവിലേക്കു വരുന്നവർക്ക് ഇന്നു മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നു മുന്നറിയിപ്പു നൽകിയ ശേഷമാണു കടത്തി വിട്ടത്. കഴിഞ്ഞ 15 ദിവസത്തിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയതായി ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി.രാജേന്ദ്ര പറഞ്ഞു. 15 ദിവസത്തിനിടെ എത്തിയവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ വിമാനത്താവളം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തി നിരീക്ഷിക്കുമെന്ന് ഡിസി വ്യക്തമാക്കി.

ബസ് യാത്രയ്ക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധം

കാസർകോട് – മംഗളൂരു റൂട്ടിൽ ബസ് സർവീസ് വിലക്കിയിട്ടില്ല. അതേസമയം, ബസിൽ കയറുന്നവർ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് ഉറപ്പു വരുത്തിയ ശേഷമേ യാത്രക്കാരെ കയറ്റാവൂ എന്നു ബസ് ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ തലപ്പാടി അതിർത്തിയിൽ ബസുകൾ തടഞ്ഞു നിർത്തിയാണു കർണാടക പൊലീസ് ഈ നിർദേശം നൽകിയത്. തലപ്പാടിയിൽ കേരളത്തിന്റെ ഭാഗത്തുള്ള ആർടിപിസിആർ പരിശോധനാകേന്ദ്രം നേരത്തെ അടച്ചുപൂട്ടിയത് പ്രതിസന്ധിയാകുമെന്ന ആശങ്കയുമുണ്ട്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലാണ് നിലവിൽ പരിശോധനാ കേന്ദ്രമുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നു നേരിൽ കണ്ട് അതിർത്തിയിലെ പ്രശ്‌നം ശ്രദ്ധയിൽപെടുത്തും. അദ്ദേഹം കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് ഈ വിഷയത്തിൽ തീർപ്പുണ്ടാക്കണം. ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം വന്നപ്പോൾ തലപ്പാടി അതിർത്തിയിൽ നിയന്ത്രണം എന്തിനെന്നു മനസ്സിലാവുന്നില്ല. ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മിഷണറുമായി ഫോണിൽ സംസാരിച്ചിരുന്നു. നിയന്ത്രണങ്ങളുടെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ വന്നാൽ സർവകക്ഷി യോഗം വിളിച്ച് ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നൽകും. –എ.കെ.എം.അഷറഫ്, മഞ്ചേശ്വരം എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here