തകർപ്പൻ സിക്സുമായി ദീപക് ചാഹർ; സല്യൂട്ടടിച്ച് അഭിനന്ദിച്ച് രോഹിത് ശർമ – വൈറൽ

0
446

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവസാന ഓവറിൽ ആദം മിൽനെയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തിയ ദീപക് ചഹാറിനെ  സല്യൂട്ടടിച്ച് അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ എട്ട് പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 21 റൺസ് നേടിയ ദീപക് ചാഹറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ ഇന്നലെ 180 കടത്തിയത്. മിൽനെ എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 19 റൺസാണ് ചാഹർ അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ടോസ് നേടി ആദ്യ൦ ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ഇഷാൻ കിഷനും നൽകിയത്. പവർപ്ലേ ഓവറുകളിൽ അടിച്ചുതകർത്ത ഇവർ ആദ്യ ആറോവറിൽ നിന്നും 69 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 21 പന്തിൽ 6 ഫോറടക്കം 29 റൺസ് നേടി പുറത്തായപ്പോൾ പരമ്പരയിലെ തന്റെ രണ്ടാം അർധസെഞ്ചുറി നേടിയ രോഹിത് ശർമ 31 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 56 റൺസ് നേടിയാണ് പുറത്തായത്. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല.

മൂന്നാമനായി എത്തിയ സൂര്യകുമാർ യാദവ് റണ്ണൊന്നും നേടാതെ പുറത്തായപ്പോൾ റിഷഭ് പന്തിന് ആറ് പന്തിൽ നിന്നും നാല് റൺസ് നേടാനെ സാധിച്ചുള്ളൂ. ശ്രേയസ് അയ്യർ 20 പന്തിൽ 25 റൺസും വെങ്കടേഷ് അയ്യർ 15 പന്തിൽ 20 റൺസും നേടി പുറത്തായി. ഇവർ പുറത്തായതിന് ശേഷം വാലറ്റത്ത് ഹർഷൽ പട്ടേലിനൊപ്പം ചേർന്നായിരുന്നു ചാഹറിന്റെ വെടിക്കെട്ട് പ്രകടനം.

അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ ഫോർ നേടിയ ചഹാർ മൂന്നാം പന്തിൽ ഡബിൾ നേടുകയും തുടർന്ന് നാലാം പന്തിൽ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തുകയും ചെയ്തു. ചാഹറിന്റെ ഈ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യൻ സ്കോർ 184 ലേക്ക് കുതിച്ചത്. ചാഹറിനൊപ്പം കൂട്ടുനിന്ന ഹർഷൽ പട്ടേൽ 11 പന്തിൽ 18 റൺസ് നേടിയാണ് പുറത്തായത്.

എന്നാൽ ഇതാദ്യമായല്ല ബാറ്റിങ്ങിൽ ചാഹർ വെടിക്കെട്ട് പ്രകടനം നടത്തുന്നത്. നേരത്തെ ജൂലൈയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചാഹർ നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിൽ 82 പന്തിൽ 69 റൺസ് നേടിയ താരം ഇന്ത്യയെ തോൽവിയുടെ വക്കിൽ നിന്നും വിജയത്തിലേക്ക് കരകയറ്റുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ടീം 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 73 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരുകയായിരുന്നു. മൂന്ന് ഓവറിൽ ഒമ്പത് റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റെടുത്ത അക്‌സർ പട്ടേലാണ് ന്യൂസിലൻഡിനെ ഒതുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here