കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ സൗഖ്യപ്പെടുത്താൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ പിതാവ് സത്താർ എന്നിവരുടെ അറസ്റ്റാണ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇമാമിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും കേസെടുത്തതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു.
മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകൾ നൽകാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. ഇതിനു പകരം കുഞ്ഞിപ്പള്ളി ഇമാമായ ഇമാം ഉവൈസ് ജപിച്ച് ഊതൽ ചികിത്സ നടത്തുകയാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാകുന്നു. കുട്ടിക്ക് പനി തുടങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും നാല് ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ലെന്നാണ് വിവരം. ആരോഗ്യനില തീർത്തും മോശമായതോടെ ആണ് ഉസ്താദ് വന്ന് ജപ ചികിത്സ നടത്തിയത്. ആരോഗ്യനില തീർത്തും വഷളായിട്ടും ഒടുവിൽ മരിച്ച ശേഷമാണ് ഇവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെപ്രാഥമിക നിഗമനം.
ഇമാമായ ഉവൈസിൻ്റെ സ്വാധീനം മൂലമാണ് മകൾക്ക് ചികിത്സ നൽകാൻ സത്താർ തയ്യാറാവാതിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിപ്പള്ളി പ്രദേശത്തെ പടിക്കൽ ഹൗസ് എന്ന വീട്ടിൽ താമസിക്കുന്ന ഉവൈസ് പ്രദേശവാസികളിലെല്ലാം അന്ധവിശ്വാസം പടർത്താൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉവൈസും ജിന്നുമ്മ എന്ന പേരിലറിയപ്പെടുന്ന ഇയാളുടെ ഭാര്യ മാതാവ് ഷഹീബയും ചേർന്നാണ് പലരേയും ഇത്തരം അന്ധവിശ്വാസങ്ങളിലേക്കും അശാസ്ത്രീയ ജീവിതരീതികളിലേക്കും ആകർഷിച്ചിരുന്നത്.
ആശുപത്രിയിൽ പോകുന്നതിനേയും ഡോക്ടർമാരെ കാണുന്നതിനുമെതിരെ ജിന്നുമ്മയും ഉവൈസും വ്യാപക പ്രചാരണം നടത്തിയിരുന്നുവെന്നാണ് വിവരം. ഡോക്ടർമാർ പിശാചുകളാണെന്നും ആശുപത്രിയിൽ വച്ചാൽ നരക്തതിൽ പോകുമെന്നായിരുന്നു ഇവർ നടത്തിയിരുന്ന പ്രചരണം. ഉവൈസും ജിന്നുമ്മയും വാക്സീൻ എടുത്തിട്ടില്ല. കുടുംബത്തിലുള്ളവരെ വാക്സീൻ എടുക്കാനും ഇയാൾ സമ്മതിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയുടെ പ്രസവവും വീട്ടിൽ വച്ചായിരുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ ഈ കുടുംബത്തിന് നേരെ നാട്ടുകാർ തന്നെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഈ കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ച് പൊലീസ് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
പനി വന്ന് ഗുരുതരാവസ്ഥയിലായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നില്ലെന്ന് ഉവൈസിൻ്റെ ബന്ധുവും പൊതുപ്രവർത്തകനുമായി സിറാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉവൈസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രവാദ ചികിത്സ മൂലം തന്റെ കുടുംബത്തിൽ മൂന്ന് പേർ മരിച്ചിട്ടുണ്ടെന്ന് സിറാജ് പറയുന്നു. ഇതിനെ എതിർത്തതിൻ്റെ പേരിൽ തനിക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സിറാജ് പറയുന്നു.
തൻ്റെ മാതൃസഹോദരിയുടെ മകൻ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഉവൈസ് വന്ന് നിർബന്ധമായി ഡിസ്ചാർജ് ചെയ്യിപ്പിച്ചു. പിന്നെ ഇവരുടെ ചികിത്സയിൽ ആരോഗ്യനില മോശമായ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും. അർധസഹോരദരനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച തന്നെ ഉവൈസും അയാളുടെ ഭാര്യസഹോദരനും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും സിറാജ് വെളിപ്പെടുത്തി. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മതത്തിൻ്റെ മറവിൽ ഇവർ ചെയ്യുന്നതെന്നും സിറാജ് പറയുന്നു.