രാവിലെ ഏഴു മണിയോടെയാണ് നാട്ടുകാർ റെയിൽവെ ട്രാക്കിൽ ചിതറിയ രണ്ട് മൃതദേഹങ്ങൾ കാണുന്നത്. തെറിച്ചു കിടക്കുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് തകർന്നിരുന്നു. മറ്റൊന്നിൽ അപ്പോഴും ‘പബ്ജി’ ഗെയിം പ്രവർത്തിക്കുന്നുണ്ടായിരുന്നു. അധികൃതരെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. 14 വയസുകാരായ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹങ്ങളായിരുന്നു അത്.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മൊബൈൽ ഫോണിൽ ‘പബ്ജി’ കളിച്ച് കൊണ്ട് പ്രഭാത സവാരിക്കിറങ്ങിയ കൗമാരക്കാരാണ് ട്രെയിന്‍ കയറി മരിച്ചത്. സിംഗിൾ ട്രാക്കിലുടെയെത്തിയ ഗുഡ്സ് ട്രെയിനാണ് ഇരുവരുടെയും ദേഹത്ത് കയറിയത്.
അയൽവാസികളായ കപില്‍ കുമാറും ഗൗരവ് കുമാറുമാണ് അപകടത്തിൽ പെട്ടത്. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
ആദ്യമായ പ്രഭാത സവാരിക്കിറങ്ങിയവരായിരുന്നു ഇരുവരും. നല്ല ശീലം തുടങ്ങുകയല്ലേയെന്ന് കരുതി സന്തോഷത്തോടെയാണ് രാവിലെ മകനെ വിളിച്ചുണർത്തിയതെന്ന് ഗൗരവിന്റെ പിതാവ് കണ്ണീരോടെ പറഞ്ഞു.
രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ച് കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് ജമുന പാര് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറയുന്നത്.