കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് കൊവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലർജി ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം അറിയാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി.അസ്ന (29) ആണ് ഇന്നലെ രാവിലെ 9.40ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മൂന്ന് മാസം മുമ്പ് കൊവിഡ് ബാധിച്ച യുവതി ഈ മാസം 24ന് കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 25ന് രാവിലെ കൈയ്ക്കും കഴുത്തിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ വൈകിട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് രണ്ട് ഇഞ്ചക്ഷനുകൾ നൽകി 10 മിനുട്ടിനകം യുവതി ബോധരഹിതയായി.
രക്തസമ്മർദ്ദം കുറഞ്ഞതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇവിടെ വെന്റിലേറ്റർ ഇല്ലാത്തതിനെ തുടർന്ന് അശ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയേ അറിയാനാവൂ. മൃതദേഹം ഇന്ന് കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മകൻ: മുഹമ്മദ് ഷിഫ്വാൻ (9). പിതാവ്: വി.പി.ഹമീദ്, മാതാവ്: ആമിനക്കുട്ടി.