തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് രോഗ വ്യാപനം കൂട്ടുന്നത്.
ഇന്നലെ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതുൾപ്പെടെ ഈ വർഷം ഇതുവരെ 1195പേർക്കാണ് പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനിയ്ക്ക് ചികിൽസയിലായിരുന്ന പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയിൽ വീട്ടിൽ അമ്പിളിയുടെ മരണം ഉൾപ്പെടെ 45 പേർ രോഗം ബാധിച്ച് മരിച്ചു.
അതേസമയം എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരണൺ സംഭവിച്ചവരുടെ എണ്ണം 160 ആണ്.
മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണം. മഴ കൂട ആയതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. ഇത് രോഗ പകർച്ചയുടെ ആക്കം കൂട്ടുകയാണ്
എലികൾ , കന്നുകാലികൾ, പട്ടി,പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിൽസ എടുത്താൽ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം,കരൾ,വൃക്കകൾ,ഹൃദയം എന്നിവയെ രോഗം ബാധിക്കും. പത്തു മുതൽ 15 ശതമാനം വരെയാണ് മരണ സാധ്യത.
മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.