തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ധന നികുതി കുറയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.
എക്‌സൈസ് തിരുവ കുറച്ച് എണ്ണവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേരിടേണ്ടിവന്ന പരാജയവും ഈ നീക്കത്തിന് കാരണമായി. കേരള സര്‍ക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത സമര പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള വ്യഗ്രതയിലാണ് പിണറായി സര്‍ക്കാരെന്നും കെ. സുധാകരന്‍ ആരോപിച്ചിരുന്നു.
ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.