കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അന്വേഷണം ഇഴയുന്നു

0
199

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അന്വേഷണം ഇഴയുന്നു. അന്വേഷണം ആരംഭിച്ച് 5 മാസം കഴിഞ്ഞിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം കോടതിയിൽ സമർപ്പിക്കാത്തതിനാൽ തുടർ നടപടികൾ വൈകുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിചേർത്ത് ജൂൺ 7നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ പണവും ഫോണും നൽകി സ്വാധീനിച്ച് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശനാണ് കെ. സുരേന്ദ്രനെതിരെ കോടതിയെ സമീപിച്ചത്. കോടതി നിർദേശ പ്രകാരം ബദിയടുക്ക പൊലീസ് 171 (B), 171 (E) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത് 100 ദിവസം കഴിഞ്ഞാണ് പ്രതിയെ ചോദ്യം ചെയ്തത്. സെപ്തംബർ 16ന് ഗസ്റ്റ് ഹൗസിൽ വിളിച്ച് വരുത്തിയായിരുന്നു ചോദ്യംചെയ്യൽ.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെ.സുന്ദരയെ പണം നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ച കേസിൽ എസ്‍സി, എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തേണ്ടതാണ്. കൂടാതെ സുന്ദരയെ തടങ്കലിൽ പാർപ്പിച്ചതിനുള്ള വകുപ്പുകളും ചേർക്കണം. 171 (B), 171 (E) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികൾക്ക് കോടതിയുടെ പ്രത്യേക അനുമതി വേണം. ഇതിന് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ റിപ്പോർട്ട് സമയത്തിന് കോടതിയിൽ സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here