എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചാളൂ, കേന്ദ്രസർക്കാരിന് ഈ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടി വരും..’. ഉറച്ച ശബ്ദത്തോടെ 2021 ജനുവരി 14ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. അത്രമാത്രം ശക്തമായ സമരമായിരുന്നു കർഷകർ നടത്തിയത്. പഞ്ചാബിൽ നിന്നും ട്രാക്ടർ റാലി നടത്തിയാണ് അന്ന് വിവാദ നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രതിഷേധത്തിന് തുടക്കമിട്ടത്. രാഷ്ട്രീയപാർട്ടികളുടെ കീഴിൽ അല്ലാതെ കർഷകർ ഒരുമിച്ച് നിന്ന് സമരം ചെയ്തതും കേന്ദ്രത്തിന് തിരിച്ചടിയായി. സമരത്തിന് രാഷ്ട്രീയ മാനം നൽകാൻ പലകുറി ശ്രമിച്ചെങ്കിലും ഇത് വിലപ്പോയില്ല. മഴയിലും മഞ്ഞിലും ചൂടിലും സമരം തുടർന്നതോടെ കേന്ദ്രം ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. അന്ന് പറഞ്ഞ വാക്കുകൾ രാഹുൽ ഗാന്ധി ഇപ്പോൾ വീണ്ടും പങ്കുവച്ചിട്ടുണ്ട്.
देश के अन्नदाता ने सत्याग्रह से अहंकार का सर झुका दिया।
अन्याय के खिलाफ़ ये जीत मुबारक हो!जय हिंद, जय हिंद का किसान!#FarmersProtest https://t.co/enrWm6f3Sq
— Rahul Gandhi (@RahulGandhi) November 19, 2021
വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപടി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഗുരു നാനാക് ജയന്തി ദിനത്തിലാണു നാടകീയ പ്രഖ്യാപനം.