കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പാൾ തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥി സനദ്. താൻ കാലുപിടിച്ചതല്ല, നിർബന്ധിച്ച് പിടിപ്പിച്ചതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ ബോധ്യമാവും. ഭയം കൊണ്ടാണ് ഇതുവരെയും മാധ്യമങ്ങളുടെ മുന്നിൽ വരാതിരുന്നതെന്നും സനദ് പറയുന്നു.
കോളജില്‍ നിന്ന് പുറത്താക്കുമെന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലാണ് കാലുപിടിക്കേണ്ടി വന്നതെന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സനദ് പറയുന്നു. കോളേജ് അധികൃതർ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും ചില വിദ്യാർഥികളെ മാത്രം ലക്ഷ്യമിടുന്നെന്നും ചൂണ്ടിക്കാട്ടി എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതികരിച്ചിരുന്നു. ഇതാണ് വിരോധത്തിന് കാരണം.
ബന്ധുക്കളും സംഘടനാ നേതാക്കളും കോളജ് അധികൃതരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. കോൾ ലിസ്റ്റ് പരിശോധിച്ചാൽ ഇത് വ്യക്തമാവും. CCTV തകരാര്‍ ആണെന്നത് തെറ്റാണെന്നും ഇതിലെ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും സനദ് ആവശ്യപ്പെട്ടു.