കുവൈത്ത് സിറ്റി: കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തിയതിന് കുവൈത്തില്‍ അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചതെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രീട്ടീഷ് വനിതയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
30 വയസില്‍ താഴെ പ്രായമുള്ള യുവതിയെ കഴിഞ്ഞ ദിവസമാണ് കുവൈത്ത് പൊലീസ് താമസ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്‍തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു കുവൈത്ത് സ്വദേശി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ച് താന്‍ കണ്ട വിദേശ വനിത ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ ടാറ്റൂ ചെയ്‍തിട്ടുണ്ടെന്നും ഇത് മതത്തിന്റെ പരിശുദ്ധിയെ അപമാനിക്കുന്നതാണെന്നും കാണിച്ചായിരുന്നു പരാതി.
തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങി. യുവതിയെ കണ്ടെത്തുകയും താമസ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്‍തു. താന്‍ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ നിന്നാണ് ടാറ്റൂ ചെയ്‍തതെന്നും അതിലുള്ള വാക്കുകള്‍ ഖുര്‍ആന്‍ വചനങ്ങളാണെന്ന് അറിയില്ലായിരുന്നുവെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ടാറ്റൂ നീക്കം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും യുവതി അറിയിക്കുകയായിരുന്നു. ഇതോടെ ഇത് സംബന്ധിച്ച ഉറപ്പ് ഒപ്പിട്ട് വാങ്ങിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.