മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ച കെ എല്‍ രാഹുലിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ച അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഒരുവര്‍ഷ വിലക്കിന് സാധ്യതതയെന്ന് റിപ്പോര്‍ട്ട്.
നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക പുറത്തുവിടുന്നതിന് മുമ്പെ പുതിയ ഫ്രാഞ്ചൈസിയായ ലക്നോ ടീമുമായി ബന്ധപ്പെട്ടുവെന്ന ആരോപണത്തില്‍ ഇരുവരെയും ഒരുവര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയാവും മുമ്പെ ലക്നോ ടീമിന്‍റെ ഉടമകളായ ആര്‍പിഎസ്‌ജി ഗ്രൂപ്പ് ഇരുതാരങ്ങളെയും ചാക്കിലാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് പഞ്ചാബ് കിംഗ്സും, സണ്‍റൈസേഴ്സ് ഹൈദരാബാദും ബിസിസിഐക്ക് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതി ഇപ്പോള്‍ ബിസിസിഐയുടെ(BCCI) പരിഗണനലിയാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ബിസിസിഐ ഇരുതാരങ്ങളെയും ഒരു വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ലക്നോ ടീം കളിക്കാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതായി വാക്കാല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതി പരിശോധിക്കുകയാണെന്നും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ടീമുകളിലെ കളിക്കാരെ ഇത്തരത്തില്‍ സമീപിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബിസിസിഐ നിലപാട്. കളിക്കാര്‍ക്കായി കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടാകുമെങ്കിലും ഇത് ശരിയായ രീതിയല്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.
ലക്നോ ടീം രാഹുലിന് 20 കോടിയും റാഷിദ് ഖാന് 16 കോടിയും പ്രതിഫലമായി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 12 കോടി രൂപ നല്‍കി റാഷിദിനെ സണ്‍റൈസേഴ്സ് നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ലക്നോ ടീമിന്‍റെ പുതിയ വാഗ്ദാനം. എന്നാല്‍ ഐപിഎല്ലില്‍ ഇതാദ്യമായല്ല കരാര്‍ തീരുന്നതിന് മുമ്പ് കളിക്കാരന്‍ മറ്റൊരു ടീമിനെ സമീപിക്കുകയും വിലക്ക് നേരിടേണ്ടിയും വരുന്നത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന രവീന്ദ്ര ജഡേജ കരാര്‍ പുതുക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് വിലക്ക് നേരിട്ടിരുന്നു.