പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടുന്നതോടെ അടിമുടി മാറ്റത്തിനാണ് ഐ.പി.എല്‍ 15-ാം സീസണ്‍ ഒരുങ്ങുന്നത്. ചെന്നൈ, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കൊപ്പം ലഖ്നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടി 2022 സീസണില്‍ കളിക്കും.
നിലവിലുള്ള ടീമുകള്‍ക്ക് പരമാവധി നാലു താരങ്ങളെ വരെ നിലനിര്‍ത്താന്‍ അവസരമുണ്ട്. നവംബര്‍ 30-ന് മുമ്പ് ഇക്കാര്യം ബിസിസിഐയെ അറിയിക്കുകയും വേണം.
നിലനിര്‍ത്തുന്ന താരങ്ങളെ ടീമുകള്‍ക്ക് നിശ്ചയിക്കാം. ഒന്നുകില്‍ രണ്ട് വിദേശ താരങ്ങള്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ എന്ന തരത്തില്‍. അല്ലെങ്കില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒരു വിദേശ താരം എന്ന തരത്തിലുമാകാം. എന്നിരുന്നാലും അതത് ഫ്രാഞ്ചൈസികള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ നാലോ കളിക്കാരെ നിലനിര്‍ത്താം.
അതേസമയം പുതുതായെത്തിയ ലഖ്നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്ക് മറ്റ് ടീമുകള്‍ റിലീസ് ചെയ്ത താരങ്ങളില്‍ നിന്ന് മൂന്ന് കളിക്കാരെ ലേലത്തിനു മുമ്പു തന്നെ സ്വന്തമാക്കാം. ഇത് രണ്ട് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവുമാകാം.
നിലനിര്‍ത്തുന്ന താരങ്ങള്‍ക്ക് അതത് ഫ്രാഞ്ചൈസികള്‍ നല്‍കുന്ന പ്രതിഫലം ഇങ്ങനെ:
നാല് താരങ്ങളെ നിലനിര്‍ത്തുന്ന ടീമുകള്‍ക്ക് 42 കോടി രൂപ കളിക്കാര്‍ക്കായി ചെലവഴിക്കേണ്ടി വരും. (16 കോടി, 12 കോടി, 8 കോടി, 6 കോടി എന്നിങ്ങനെ)
മൂന്ന് താരങ്ങളെ നിലനിര്‍ത്തുന്ന ടീമുകള്‍ക്ക് 33 കോടിയാണ് ചെലവഴിക്കേണ്ടി വരിക. (15 കോടി, 11 കോടി, 7 കോടി എന്നിങ്ങനെ)
രണ്ടു താരങ്ങളെ മാത്രം നിലനിര്‍ത്തുന്ന ടീമുകള്‍ക്ക് 24 കോടി ചെലവഴിക്കേണ്ടിവരും. (14 കോടി, 10 കോടി)
ഇനി ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ ദേശീയ ടീമില്‍ കളിച്ചയാളാണെങ്കില്‍ 14 കോടിയും അല്ലെങ്കില്‍ നാലു കോടിയുമാണ് നല്‍കേണ്ടി വരിക.
ഇനി ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്ക് ചെലവഴിക്കാവുന്ന തുക ഇത്തവണ ബിസിസിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വരെ 85 കോടിയായിരുന്നത് ഇത്തവണ 5 കോടി വര്‍ധിപ്പിച്ച് 90 കോടിയാക്കി.
അതേസമയം നിലവില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പ്രതിഫലം ഈ തുകയില്‍ നിന്ന് കുറയ്ക്കും. ബാക്കി പണം മാത്രമേ അതത് ഫ്രാഞ്ചൈസികള്‍ക്ക് മെഗാ ലേലത്തില്‍ ചെലവഴിക്കാന്‍ സാധിക്കൂ.
ഒരു താരത്തെയും നിലനിര്‍ത്താത്ത ടീമിന് ലേലത്തില്‍ 90 കോടിയും ചെലവഴിക്കാം.
ഒരു താരത്തെ മാത്രം നിലനിര്‍ത്തുന്ന ടീമിന് ലേലത്തില്‍ ചെലവഴിക്കാനായി 76 കോടി ബാക്കിയുണ്ടാകും.
രണ്ടു താരങ്ങളെ നിലനിര്‍ത്തുന്ന ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാവുന്നത് 66 കോടിരൂപയാണ്.
മൂന്ന് താരങ്ങളെ നിലനിര്‍ത്തുന്ന ടീമിന് ലേലത്തില്‍ ചെലവഴിക്കാനായി ഉണ്ടാകുക 57 കോടിയാകും.
നാലു താരങ്ങളെ നിലനിര്‍ത്തുന്ന ടീമിന് 48 കോടി രൂപ മാത്രമേ മെഗാ ലേലത്തില്‍ ചെലവഴിക്കാനായി ഉണ്ടാകൂ.