കുമ്പള: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന ‘പൊസിറ്റീവ് ‘ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ വെച്ച് നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ ചിത്രീകരണത്തിന്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു.
അഭിനയിക്കുന്നവർ ഭൂരിഭാഗവും കുമ്പളസി.എച്ച്സിയിലെ ജീവനക്കാരാണ്. സിനിമയുടെ ആശയം ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന്റെതാണ്.
എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിൻറെ കഥ പറയുന്നതാണ് ചിത്രത്തിൻ്റെ ഇതി വൃത്തം. എച്ച്ഐവി ബാധിച്ചു കഴിഞ്ഞാൽ മരണ വാറണ്ട് അല്ല. ഇന്ന് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനുള്ള മരുന്നുകൾ ലഭ്യമാണ്. സർക്കാറിന്റെ എആർടി കേന്ദ്രങ്ങൾ വഴി സൗജന്യമായി ചികിത്സയും പോഷകാഹാരവും നൽകുന്നുണ്ട്. എച്ച്ഐവി ബാധിതരെ സമൂഹം ചേർത്തു പിടിക്കണം.ഒരു വിവേചനവും പാടില്ലെന്നും സിനിമ പറയുന്നു.
ചിത്ര ത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ,തിരക്കഥ,സംഭാഷണം കുമാരൻ ബി.സിയും,ക്യാമറ എഡിറ്റിംഗ് എന്നിവ ഫാറൂക്ക് സിറിയയും,മ്യൂസിക്ക് സുരേഷ് പണിക്കറും നിർവ്വഹിക്കുന്നു.
മെഡിക്കൽ ഓഫീസർ ഡോ: കെ. ദിവാകരറൈ, ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എസ് രാജേഷ്,സി.സി ബാലചന്ദ്രൻ,ഹെഡ് നഴ്സ് സുധ,സ്റ്റാഫ് നഴ്സ് സജിത,സീനിയർക്ലാർക്ക് രവികുമാർ,വിൽഫ്രഡ്, മസൂദ് ബോവിക്കാനം, മോഹിനി,അമൽരാജ്,മാസ്റ്റർ റിംസാൻ റാസ്, രാജേന്ദ്രൻ,സോമയ്യ, നാസർ നെപ്ട്യൂൺ എന്നിവർ വേഷമിടുന്നു.
ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.