ഉപ്പള സ്‌കൂളിലെ റാ​ഗിം​ഗ്; വിട്ടുവീഴ്ചയില്ല, കർശന നടപടിയെന്ന് മന്ത്രി വി. ശിവൻകുട്ടി

0
296

കാസർഗോഡ് ജില്ലയിലെ ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുടി മുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി. മാധ്യമവാർത്തകളിലൂടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും വിദ്യഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റു സ്കൂളുകളിലും സമാന രീതിയിൽ റാഗിംഗ് നടന്നതായി പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ബാലാവകാശ കമ്മീഷൻ നിർദേശം നല്‍കി.

കഴിഞ്ഞ ചൊവ്വാഴ്ച്ച സ്‌കൂളിന് സമീപത്തുള്ള ഒരു കഫറ്റീരിയയിലായിരുന്നു സംഭവം. ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ബലമായി പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ കാര്യങ്ങൾ അറിയുന്നത്. സംഭവത്തിന് പിന്നാലെ സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും ഇവിടെ റാഗിംഗ് നടന്നിട്ടുണ്ട്. പരാതി നൽകിയാൽ സ്‌കൂൾ ഗൗരവത്തോടെ പരിഗണിക്കാറില്ലെന്നും രക്ഷിതാക്കൾ പറയുന്നു.

ഇവിടുത്തെ സ്‌കൂളിൽ ഇത്തരം സംഭവങ്ങൾ പതിവാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ഉപ്പളയ്ക്ക് അടുത്തുള്ള ബേക്കൂർ സ്‌കൂളിൽ ഒരു കുട്ടിയെ സീനിയർ വിദ്യാർഥികൾ ചെരിപ്പുകൾ കൈയിൽ തൂക്കി നടത്തിക്കുകയും ഡാൻസ് കളിപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായതായും ഇവർ പറയുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ റാഗിംഗ് നടന്നത് സ്‌കൂളിന് അകത്തല്ല എന്നായിരുന്നു പ്രിൻസിപ്പൾ പ്രതികരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ ഉടൻ പൊലീസിൽ വിവരമറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. വീഡിയോയിൽ നിന്നും, മുടി മുറിച്ച് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. ഇവർ വെള്ളിയാഴ്ച സ്‌കൂളിൽ എത്തിയിട്ടില്ല. ഇവരുടെ രക്ഷിതാക്കളെ വിവരമറിയിച്ചതായും സംഭവത്തിൽ നടപടി എടുക്കും എന്നും പ്രിൻസിപ്പൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here