ഉപ്പള: കഞ്ചാവ് സംഘം താവളമാക്കിയ വീട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂരിലെ പട്ടികജാതി കോളനിയിലെ 22കാരനെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്.
വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഈ യുവാവ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ബേക്കൂര്‍ മരമില്ലിന് സമീപത്തെ ആളൊഴിഞ്ഞ പൊട്ടിപ്പൊളിയാറായ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവര്‍ സംശയം തോന്നി പരിശോധിക്കുകയും വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുകയുമായിരുന്നു. അതിനിടെ യുവാവ് ഓടിരക്ഷപ്പെട്ടു. 22കാരനടക്കമുള്ള സംഘത്തെ ഭയന്ന് വിദ്യാര്‍ത്ഥിനി ആദ്യം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാരുടെ ഇടപെടലിനെതുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇവിടെ താവളമാക്കി പട്ടാപ്പകല്‍ പോലും ചില യുവാക്കള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
രാത്രി കാലങ്ങളില്‍ കഞ്ചാവ് ലഹരിയില്‍ ഒരു സംഘം ഈ വീട്ടുപരിസരത്ത് മൂര്‍ച്ഛയേറിയ മാരകായുധങ്ങളുമായി അഴിഞ്ഞാടുന്നത് പതിവാണെന്നും യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും പരാതിയുണ്ട്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ വധഭീഷണി മുഴക്കുമെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. ഇവരെ ഭയന്നാണ് പലരും കഴിയുന്നത്. കര്‍ണ്ണാടകയിലും മറ്റും കേസുകളില്‍ പെട്ട പ്രതികളെ ഇവിടെ ഒളിപ്പിച്ച് താമസിപ്പിക്കുന്നതായും വിവരമുണ്ട്. കഞ്ചാവ് കടത്ത് കേസില്‍ പ്രതിയായ ഒരു യുവാവിനെ കര്‍ണ്ണാടക പൊലീസ് ഈയടുത്ത് പിടികൂടിയത് ഈ വീട്ടില്‍ വെച്ചാണ്. ഉപ്പളയിലെ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ചുറ്റുമതില്‍ കെട്ടി വീട് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല.