ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിൽ റെയിൽവേ മേൽപ്പാലനിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ ജനറൽ അലൈൻമെന്റ് ഡ്രോയിങ്ങിന് റെയിൽവേയുടെ അനുമതി ലഭിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. റവന്യൂ, കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർവഹണ ചുമതലത. നിയമസഭാ സബ്മിഷനുള്ള മറുപടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചതെന്ന് എം.എൽ.എ. പറഞ്ഞു.
ഹൊസങ്കടി റെയിൽവേ മേൽപ്പാലത്തിനായി 40.64 കോടി രൂപയും മഞ്ചേശ്വരം മേൽപ്പാലത്തിന് 40.40 കോടി രൂപയും നേരത്തേ കിഫ്‌ബിയിൽനിന്ന് അനുവദിച്ചിരുന്നു. ആർ.ബി.ഡി.സി.കെ.യാണ് ഇതിന്റെ നിർവഹണ ഏജൻസി. ദേശീയപാത 66-ന്റെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ഈ മേൽപ്പാലങ്ങളുടെ അലൈൻമെന്റ് പരിഷ്കരിക്കണമെന്ന് നേരത്തേതന്നെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. ഇതനുസരിച്ച് എൻ.എച്ച്.എ.ഐ.യുടെയും ആർ.ബി.ഡി.സി.കെ.യുടെയും ഉദ്യോഗസ്ഥർ ഇരുപ്രദേശങ്ങളിലും കഴിഞ്ഞമാസം സംയുക്ത പരിശോധന നടത്തിയിരുന്നു. ഇനി അറേഞ്ച്മെന്റ് ഡ്രോയിങ് തയ്യാറാക്കുകയും അത് റെയിൽവേയ്ക്ക് സമർപ്പിച്ച് അംഗീകാരം നേടുകയും വേണം. റെയിൽവേ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കും.